ഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക ബിജെപി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് രണ്ടാമത്തെ പട്ടിക പുറത്തിറക്കിയത്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഗ്രാമവികസന, സ്റ്റീല്‍ സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ എന്നിങ്ങനെ മൂന്ന് കേന്ദ്ര മന്ത്രിമാരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 
നരേന്ദ്ര സിംഗ് തോമര്‍ ഡിംനി സീറ്റില്‍ നിന്നും പ്രഹ്ലാദ് സിംഗ് പട്ടേലും ഫഗ്ഗന്‍ സിംഗ് കുലസ്‌തെയും നര്‍സിംഗ്പൂരിലും നിവാസിലും യഥാക്രമം മത്സരിക്കും.ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ ഇന്‍ഡോര്‍-1 മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. എംപിമാരായ ഗണേഷ് മന്ത്രി, രാകേഷ് സിംഗ്, റീതി പഥക് എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. 
37 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടാം പട്ടികയും വന്നതോടെ, മധ്യപ്രദേശ് നിയമസഭയിലെ 230 ല്‍ 76 സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം മധ്യപ്രദേശ് സന്ദര്‍ശിച്ചിരുന്നു. 
ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരുടെ ‘കാര്യകര്‍ത്താ മഹാകുംഭ്’ സമ്മേളനത്തെ അഭിസംബോധന ചെയ്ത മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസിനെ തുരുമ്പിച്ച ഇരുമ്പിനോട് തുലനപ്പെടുത്തിയ മോദി, പാര്‍ട്ടിയുടെ പ്രവര്‍ത്തനം അര്‍ബന്‍ നക്‌സലുകളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും നേതക്കളല്ല സംഘടനയെ ഭരിക്കുന്നതെന്നും ആരോപിച്ചു.
വീണ്ടും ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ കോണ്‍ഗ്രസ് മധ്യപ്രദേശിനെ പിന്നാക്ക സംസ്ഥാനങ്ങളുടെ വിഭാഗത്തിലേക്ക് തള്ളിവിടുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *