നടി സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് താരം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
റാബിയ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഒരു പുതിയ ലോകത്തേക്ക് കാലെടുത്തു വെച്ചുവെന്നും സ്‌നേഹം നല്‍കിയവരോടെല്ലാം നന്ദി പറയുന്നുവെന്നും സ്വര കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും സ്വരയുടെ പോസ്റ്റിലുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. കഴുഞ്ഞ ജൂണ്‍ ആറിനാണ് ഗര്‍ഭിണിയാണെന്ന വിവരം സ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ ജനുവരി ആറിനാണ് സ്വരയും ഫഹദും വിവാഹിതരായത്. ഇതിന് പിന്നാലെ മാര്‍ച്ച് 11-ന് ഇരുവരുടേയും വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. ഹല്‍ദിയോടെയായിരുന്നു തുടക്കം. പിന്നാലെ സംഗീത്, മെഹന്ദി, ഖവാലി, വിദായ്, വലീമ തുടങ്ങിയ ചടങ്ങുകളും നടന്നു.
2009ല്‍ റിലീസായ ‘മധോലാല്‍ കീപ്പ് വാക്കിങ്’ എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്‌കര്‍ സിനിമയിലെത്തുന്നത്. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രാഞ്ജന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് നടിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. മുപ്പത്തിയൊന്നുകാരനായ ഫഹദ് സമാജ്വാദി യുവജന്‍ സഭയുടെ മഹാരാഷ്ട്ര പ്രസിഡന്റാണ്.
നേവല്‍ ഓഫീസറായിരുന്ന സി. ഉദയ്ഭാസ്‌കറുടെയും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്രപഠനവിഭാഗം പ്രൊഫസറായ ഇറ ഭാസ്‌കറുടെയും മകളാണ് സ്വര. ജെ.എന്‍.യു.വില്‍ സോഷ്യോളജിയില്‍ ബിരുദാനന്തരപഠനത്തിനുശേഷം തിയേറ്ററിലൂടെയാണ് അഭിനയലോകത്തെത്തുന്നത്.