പുലാപ്പറ്റ: ഇബ്നു അലി എടത്തനാട്ടുകരയുടെയും ഭാര്യ സീനത്ത് അലിയുടെയും പുസ്തകങ്ങൾ വീണ്ടും ഒരേ ദിവസം ഒരേ വേദിയിൽ പുറത്തിറങ്ങുന്നു. നാളെ ബുധൻ വൈകുന്നേരം 4ന് പുലാപ്പറ്റ ഉമ്മനഴി എഎൽപി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പ്രകാശനം. കോണിക്കഴി അക്ഷരം വായനശാലയുടെ കീഴിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നാടകാചാര്യനും പ്രഭാഷകനുമായ കെ.പി.എസ്.പയ്യനെടം പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. വായനശാല പ്രസിഡൻ്റ് ചന്ദ്രകുമാരൻ മുണ്ടുള്ളി അധ്യക്ഷത വഹിക്കും.
ജയറാം പാതാരി,എം.ഹരിദാസ് എന്നിവർ പുസ്തകം പരിചയപ്പെടുത്തും. എഴുത്തുകാരായ കെ.പി.രാജേഷ്, സിബിൻ ഹരിദാസ്,ഉസ്മാൻ പാലക്കാഴി,വിനയ ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ജി.എസ്.ടി.വകുപ്പിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇബ്നു അലി എടത്തനാട്ടുകരയുടെ മൂന്നാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടുന്നത്. കെ.പി. രാജേഷ് ആണ് അവതാരിക എഴുതിയത്. കോണിക്കഴിയിൽ ജനിച്ച് വളർന്ന, ഇപ്പോൾ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയുമായ സീനത്ത് അലിയുടെ രണ്ടാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടുന്നത്. എൻ.പി.ഹാഫിസ് മുഹമ്മദ് അവതാരിക എഴുതിയിട്ടുണ്ട്.
ഇബ്നു അലിയുടെ ‘ഓർമകളുടെ ഓലപ്പുരയിൽ’ എന്ന ആത്മകഥയും സീനത്ത് അലിയുടെ ‘ഒറ്റ മുറിയുടെ താക്കോൽ’ എന്ന കവിതാ സമാഹാരവും 2021 ആഗസ്റ്റ് 28 ന് കവി വീരാൻകുട്ടിയാണ് പ്രകാശനം ചെയ്തത്.എം.എൻ.കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരാണ് അവതാരിക എഴുതിയത്. പുതിയ പുസ്തകമായ ‘ആന റാഞ്ചികൾ’, ‘മരം കുടഞ്ഞ ഇലകൾ’ പാലക്കാട് മിറർ ബുക്സ് ആണ് പ്രസാധനം. 

By admin

Leave a Reply

Your email address will not be published. Required fields are marked *