കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് സീറ്റിനായി അവകാശവാദം ശക്തമാക്കിയതോടെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം.
ലോക്സഭാ മണ്ഡലത്തില്‍ ആയിരം വോട്ട് തികച്ചില്ലാത്ത പാര്‍ട്ടിക്ക് ലോക്സഭാ സീറ്റ് നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പാണ് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം നല്‍കുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് വാരിക്കോരി നല്‍കിയിട്ട് മുന്നണി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യം ആവര്‍ത്തിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. അവര്‍ ഇക്കാര്യം നേതൃത്വത്തെയും അറിയിക്കാനൊരുങ്ങുകയാണ്.
കോണ്‍ഗ്രസിന്‍റെ ഏറ്റവും ശക്തികേന്ദ്രമായ മണ്ഡലമാണ് കോട്ടയം. നിലവിലെ മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പ് കോണ്‍ഗ്രസായിരുന്നു കോട്ടയത്ത് മത്സരിച്ചുകൊണ്ടിരുന്നത്. രമേശ് ചെന്നിത്തലയും പാലാ കെഎം മാത്യുവും വിജയിച്ച സീറ്റ് കേരള കോണ്‍ഗ്രസ് – എമ്മിന് നല്‍കിയത് മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം ഇല്ലാതായതിന് ശേഷമാണ്.
പിജെ ജോസഫിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം കേരള കോണ്‍ഗ്രസ് – എമ്മില്‍ ലയിക്കുന്നതിനു മുമ്പും ഈ സീറ്റ് കെഎം മാണിയുടെ പാര്‍ട്ടിക്കായിരുന്നു. ജോസ് കെ മാണിയായിരുന്നു അന്ന് എംപിയായിരുന്നത്.
അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലോക്സഭാ സീറ്റിന് അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെന്നു തന്നെയാണ് കോണ്‍ഗ്രസിന്‍റെ വാദം. മാത്രമല്ല, ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലൊരിടത്തും ജോസഫ് വിഭാഗത്തിന് നാമമാത്ര പ്രാതിനിധ്യം പോലുമില്ല.
കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസിന്‍റെ എംഎല്‍എ ആണുള്ളതെങ്കിലും മോന്‍സ് ജോസഫിന്‍റെ വിജയം കോണ്‍ഗ്രസിന്‍റെ വോട്ടുകളിലും വ്യക്തിപരമായ മികവിലുമാണെന്നാണ് വിലയിരുത്തല്‍. അങ്ങനൊരു പാര്‍ട്ടിക്ക് ലോക്സഭാ സീറ്റ് നല്‍കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന മുന്നറിയിപ്പാണ് നേതാക്കള്‍ പാര്‍ട്ടിക്ക് നല്‍കുന്നത്.
കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുത്താല്‍ ഇവിടെ പ്രധാന പരിഗണനയില്‍ വരിക ഡിസിസി മുന്‍ പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി തന്നെയായിരിക്കും. മുന്‍ മന്ത്രി കെസി ജോസഫ്, ഡിസിസി മുന്‍ പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, യുഡിഎഫ് ചില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് എന്നീ പേരുകളും സജീവ പരിഗണനയിലാണ്.
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനുവേണ്ടി അവരുടെ കോക്കസില്‍ നിന്നും പിആര്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് മക്കള്‍ രാഷ്ട്രീയത്തിനെതിരെ വന്‍ വിവാദമായി മാറുമെന്നതിനാല്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല, കുടുംബത്തില്‍ നിന്നൊരാള്‍ മാത്രം എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മരണം വരെയുള്ള നിലപാട്.
അതിനാല്‍ തന്നെ ചാണ്ടി ഉമ്മനു പുറമെ ഒരാള്‍ക്കുകൂടി ചാണ്ടി കുടുംബത്തില്‍ നിന്നും അവസരമുണ്ടാകില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കാന്‍ തിരുവഞ്ചൂരിനും മോഹമുണ്ട്. അതും യാഥാര്‍ഥ്യമാകാനിടയില്ല.