ഡല്‍ഹി: എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്  രാജ്യസഭാ എം.പി കപില്‍ സിബല്‍. കൂടാരത്തിനുള്ളിലെ ഒട്ടകത്തെ പോലെയാണ് ബി.ജെ.പിയെന്നും പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത അവസരവാദികളാണ് ബി.ജെ.പി സഖ്യത്തില്‍ തുടരുന്നതെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു. 
‘കഴിഞ്ഞ ദിവസം എന്‍ ഡി എ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചതായി എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചു. മറ്റൊരു പാര്‍ട്ടി കൂടി അവരുടെ മുന്നണി വിട്ട് പുറത്ത് പോയി!
ഇനിയും അവര്‍ക്കൊപ്പം തുടരുന്നത് പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത അവസരവാദികളാണ്. മഹാരാഷ്ട്രയിലെ പവാറും ഷിന്‍ഡെയും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യങ്ങളും അങ്ങനെയാണ്. കൂടാരത്തിനുള്ളിലെ ഒട്ടകത്തെ പോലെയാണ് ബി.ജെ.പി’ –  കപില്‍ സിബല്‍ കുറിച്ചു.
ബിജെപിയുമായുള്ള നാലുവര്‍ഷത്തെ സഖ്യകക്ഷി ബന്ധമാണ് എഐഎഡിഎംകെ അവസാനിപ്പിച്ചത്.  ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയെ നയിക്കുമെന്നും എഐഎഡിഎംകെ അറിയിച്ചു. 
എഐഎഡിഎംകെയ്ക്കും നേതാക്കള്‍ക്കുമെതിരെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മില്‍  ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഖ്യം അവസാനിപ്പിക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനം. 

By admin

Leave a Reply

Your email address will not be published. Required fields are marked *