ഇടുക്കി : അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ ഉത്പന്ന പ്രദർശന വിപണന ബോധവത്കരണ യാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചെറുധാന്യ ഉത്പന്ന പ്രദർശന വിപണനമേള ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ആസ്ഥാനത്ത് എത്തിയത്. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശയാത്രയിലൂടെ ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ചും അവ ജീവിതശൈലീരോഗങ്ങളെ എങ്ങനെ ചെറുക്കുന്നുവെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കാനും യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

അട്ടപ്പാടിയിൽ കുടുംബശ്രീ മിഷൻ നടപ്പാക്കിവരുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് യാത്ര. അട്ടപ്പാടിയിൽ ഉത്‌പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെയും വിത്തുകളുടെയും പ്രദർശനവും വിപണനവും കളക്ടറേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ചു.

അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ കൃഷിചെയ്യുന്ന റാഗി, കടുക്, വരഗ്, അമര, തുവര, ചാമ, മക്കാചോളം, ചെറുപയർ, മുളനെല്ല് തുടങ്ങി നിരവധിയിനം ധാന്യങ്ങളാണ് എത്തിച്ചത്.

ചെറുധാന്യ പോഷകാഹാരത്തെക്കുറിച്ചും ജീവിതശൈലീരോഗങ്ങളെക്കുറിച്ചും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

ഇടുക്കി മെഡിക്കൽ കോളേജ് ഡയറ്റീഷ്യൻ സിജു, കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതി കോ-ഓർഡിനേറ്റർ പി.കെ.കരുണാകരൻ, അട്ടപ്പാടി സമഗ്രവികസന പദ്ധതിയിലെ കർഷക ഉഷാ മുരുകൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം.റജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആശ മാത്യു, ജില്ലാ പ്രോഗ്രാം മാനേജർ ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *