ബെംഗളൂരു: കാവേരി നദീജലം, അയല്‍സംസ്ഥാനമായ തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഇന്ന് കര്‍ഷകരുടെ കൂട്ടായ്മയുടെ ബന്ദ്. ഇതേ തുടര്‍ന്ന് പോലീസ് നഗരത്തിലുടനീളം സിആര്‍പിസി സെക്ഷന്‍ 144 ഏര്‍പ്പെടുത്തി.
വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ബന്ദുകളില്‍ ആദ്യത്തേതാണ് ഇത്. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 6 മണിമുതല്‍ 12 മണിക്കൂറാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ തലസ്ഥാനത്ത് പ്രതിഷേധ റാലിയും നടത്തും. 
‘നാളെ ഞങ്ങള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ടൗണ്‍ ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് പ്രതിഷേധ  പ്രകടനം നടത്തും. ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കും ‘ കര്‍ഷക യൂണിയന്‍ നേതാവ് കുര്‍ബുര്‍ ശാന്തകുമാര്‍ പറഞ്ഞു.
പ്രതിഷേധത്തിന് സര്‍ക്കാരില്‍ നിന്ന് ശരിയായ പ്രതികരണം ഉണ്ടായില്ലെങ്കില്‍ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരിമാര്‍, ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ശാന്തകുമാര്‍ പറഞ്ഞു.
എന്നാല്‍, ബന്ദിന് അനുമതി നല്‍കിയിട്ടില്ലെന്നും പ്രതിഷേധം ഫ്രീഡം പാര്‍ക്കിലേക്ക് പരിമിതപ്പെടുത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടുവെന്നും ബെംഗളുരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സെക്ഷന്‍ 144 പ്രകാരം അര്‍ദ്ധരാത്രി മുതല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *