കരൂർ: കരൂർ പഞ്ചായത്ത് കുടക്കച്ചിറ വാർഡിലെ ജനങ്ങൾക്കും സെൻ്റ് തോമസ് മൗണ്ട് ദേവാലയത്തിനും ഭീഷണിയാകുംവിധം പാറമട അനുവദിച്ച കരൂർ പഞ്ചായത്ത് ഭരണ സമിതി കുടക്കച്ചിറ നിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കരൂർ പഞ്ചായത്തിൽ നടത്തുന്ന അഴിമതികൾക്കെതിരെ കരൂർ പഞ്ചായത്ത് പടിക്കൽ കേരള കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാറമടകൾക്കെതിരെ കുടക്കച്ചിറ പള്ളി വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കരൂർ പഞ്ചായത്തിലെ ഭരണപക്ഷക്കാർ നാട്ടുകാർക്കൊപ്പമാണെന്ന് വരുത്തി തീർക്കാനായി സമരത്തിൽ പങ്കെടുത്തു. ചില കള്ളന്മാർ മോഷണം നടത്തിയിട്ട് മോഷ്ടാവിനെ പിടിക്കാൻ നാട്ടുകാരോടൊപ്പം കൂടുന്നതു പോലെയായിരുന്നു കരൂരിലെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ നിലപാട്.
കരൂർ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വിശ്രമ കേന്ദ്രവും പാർക്കും ചെടികളും നശിപ്പിച്ച് അനധികൃതമായി കെട്ടിടം നിർമിക്കുകയും ഹോട്ടലാക്കി മാറ്റുകയും ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാതാക്കുകയും ചെയ്തതിൽ അഴിമതിയുണ്ടെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കേരള കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് ജോസ് കുഴികുളം അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് മുഖ്യപ്രഭാഷണം നടത്തി. ജോസ് കുഴികുളം, ബോബി മൂന്നുമാക്കൽ, ജയിംസ് ചടനാക്കുഴി, ടോമി താണോലിൽ, ബേബി പാലിയക്കുന്നേൽ, കുഞ്ഞുമോൻ ഒഴുകയിൽ, ബേബി പുന്നക്കുഴി, ബെന്നി നാടുകാണി, കുര്യൻ കണ്ണങ്കുളം, മാമ്മച്ചൻ പൂവേലിൽ, ജോയ്സ് പുതിയാമഠം, ജോർജ് തറപ്പിൽ, കുട്ടിച്ചൻ ചവറനാനിക്കൽ, റെജി നാടുകാണി, നോയൽ ലൂക്ക്, ഡിജു സെബാസ്റ്റ്യൻ, ജസ്റ്റിൻ പാറപ്പുറത്ത്‌, മെൽബിൻ പറമുണ്ട, വിശ്വൻ പയപ്പാർ, ദേവ് കല്ലുങ്കൽ, വിനോദ് പറടിയിൽ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *