തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുരുങ്ങി നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെടാൻ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും, സർക്കാർ തലത്തിൽ ഇടപെടലിന് സമ്മർദ്ദമുണ്ടാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്ടപ്പെട്ട പണം മടക്കി നൽകുമെന്ന് ഇടപാടുകാരെ നേരിട്ടുകണ്ട് ബോദ്ധ്യപ്പെടുത്തും.
ഇ.ഡി നീക്കത്തിനെതിരെ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കും. എൽ.ഡി.എഫ് നേതാക്കൾ ജാഥാ ക്യാപ്ടൻമാരായാണ് ജാഥകൾ നടത്തുക. വീട് കയറിയുള്ള ബോധവത്കരണം നടത്തും. എ.സി മൊയ്തീനെ പൂർണമായി പിന്തുണച്ച ജില്ലാ കമ്മിറ്റി, ഇ.ഡി നീക്കത്തിനെതിരെയുള്ള പ്രതിരോധം ശക്തമായി തുടരാനും തീരുമാനിച്ചു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ വിമർശനമുയർത്തി. കൃത്യസമയത്ത് നടപടിയെടുക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് ഗുരുതര തിരിച്ചടിയായതെന്നായിരുന്നു വിമർശനം. പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും ചിലർ തുറന്നടിച്ചു. കരുവന്നൂരിലേത് ഒറ്റപ്പെട്ടതായി കാണരുത്. ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണം. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുത്. കരുവന്നൂർ ബാങ്കിന്റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്പ തട്ടിപ്പാരോപണവും, കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണ്ണത്തട്ടിപ്പ് ആരോപണവും ശരിയല്ലെന്നും അഭിപ്രായമുയർന്നു. ഈ ബാങ്കിലെ സംഭവങ്ങളിൽ പങ്കില്ലെന്ന് നേതാക്കൾ വിശദീകരിച്ചു.
അതേസമയം കരുവന്നൂർ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു. അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി 10 വർഷമായി സൗഹൃദമുണ്ട്. സതീഷുമായി സാമ്പത്തിയിടപാടുകൾ നടത്തിയിട്ടില്ല. വെള്ളിയാഴ്ച വീണ്ടും ഹാജരാകുമെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ മുഖ്യമന്ത്രി പി. സതീഷ്‌കുമാർ തൃശൂർ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തൃശൂർ സഹകരണ ബാങ്കിൽ റെയ്ഡ് നടത്തിയ ഇ.ഡി രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എം.എൽ.എ കൂടിയായ കണ്ണനെ ചോദ്യം ചെയ്തത്. പി. സതീഷ്‌കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയും ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തു. സതീഷിന്റെ ഇടപാടുകളിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ചോദ്യം ചെയ്തത്.
അതേസമയം, കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യം. ഇ.ഡിയുടെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്‌നവും പരിഹരിച്ചുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അവകാശവാദം ബി.ജെ.പിയുമായി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കണം. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി എന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകി മാതൃക കാണിക്കണം. നിക്ഷേപകരിൽ 99 ശതമാനംപേരും സഖാക്കളാണെന്ന് ഓർമ്മിക്കണം- എം.എം ഹസൻ പറഞ്ഞു.