കട്ടപ്പന : ഇടുക്കിക്ക് ലഭിച്ച ഇ.എസ്.ഐ. ആശുപത്രിക്ക് കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ വാഴവരയിലുള്ള നാലേക്കർ പട്ടയഭൂമിയും ബാക്കി കൈവശ ഭൂമിയും വിട്ടുനൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
സ്ഥലം കൈമാറിയാൽ 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് മാർച്ചിൽ ഡീൻ കുര്യാക്കോസ് എം.പി. നഗരസഭയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈറേഞ്ചിൽ ഇ.എസ്.ഐ. തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിലാണ് എം.പി.യുടെ ആവശ്യപ്രകാരം കേന്ദ്രം, ജില്ലയ്ക്ക് ആശുപത്രി അനുവദിച്ചത്.
എന്നാൽ ആശുപത്രിക്ക് ആവശ്യമായ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ആശുപത്രി കട്ടപ്പനയിൽ എത്തിക്കാനുള്ള നീക്കവുമായി നഗരസഭാ അധികൃതർ ഇടപെട്ടത്.
100 കിടക്കകളുള്ള ഇ.എസ്.ഐ. ആശുപത്രി നഗരസഭാ പരിധിയിൽ നിർമിക്കാൻ നടപടി വേണമെന്ന് മാർച്ചിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമായത്.
ഐ.എച്ച്.ആർ.ഡി. കോളേജിന് വാഴവരയിൽ നഗരസഭ നൽകിയ നൽകിയ നാലേക്കർ സ്ഥലം തിരികെയെടുത്ത് ഇ.എസ്.ഐ. ആശുപത്രിക്ക് നൽകുന്ന കാര്യമാണ് അന്ന് കൗൺസിൽ യോഗം പരിഗണിച്ചത്. 2000-ൽ ആണ് സ്ഥലം ഐ.എച്ച്.ആർ.ഡി.ക്ക് വിട്ടുനൽകുന്നത്.
22 വർഷമായിട്ടും ഐ.എച്ച്.ആർ.ഡി. കോളേജ് നിർമാണത്തിന് നടപടിയെടുത്തില്ല. മാത്രമല്ല ഐ.എച്ച്.ആർ.ഡി.യിൽ വിദ്യാർഥികൾ കുറഞ്ഞ സാഹചര്യവും സ്ഥലം വിട്ടുനൽകിയില്ലെങ്കിൽ ജില്ലയ്ക്ക് ലഭിച്ച ഇ.എസ്.ഐ. ആശുപത്രി നഷ്ടപ്പെടുമെന്ന വസ്തുതയും നഗരസഭ കണക്കിലെടുത്തു. ഐ.എച്ച്.ആർ.ഡി.ക്ക് സ്ഥലം വിട്ടുനൽകിയ നടപടി റദ്ദാക്കിയാണ് ആശുപത്രിക്ക് സ്ഥലം വിട്ടുനൽകുന്നത്.
പിന്നീട് ഐ.എച്ച്.ആർ.ഡി. കോളേജ് പണിയാൻ ആവശ്യമായ ഫണ്ട് കണ്ടെത്തിയാൽ പകരം സ്ഥലം കണ്ടെത്തിനൽകാനാണ് തീരുമാനം. ശനിയാഴ്ച നടന്ന കൗൺസിൽ യോഗം തീരുമാനത്തിന് അനുമതി നൽകിയിട്ടുണ്ട്.