മറയൂർ : മറയൂർ-മൂന്നാർ അന്തസംസ്ഥാനപാതയിൽ രാജമലയിൽ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു സ്ത്രീകളടക്കം ആറു പേർക്ക് പരിക്ക്.
ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മറയൂർ കരിമൂട്ടി സ്വദേശി പ്രകാശിന്റെ ഭാര്യ രാധിക (36), നാച്ചിവയൽ സ്വദേശി ക്രിസ്റ്റി (50) എന്നിവർക്കാണ് ഗുരുതരപരിക്ക്.
മറയൂർ കുമ്മിട്ടാംകുഴി സ്വദേശികളായ കുങ്കുമേശ്വരി (35), മാലതി (40), നാച്ചിവയൽ സ്വദേശി സിമി ബാബു (45), ഒാട്ടോ െെഡ്രവർ മറയൂർ ഗ്രാമം സ്വദേശി ജയപാൽ(45) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. രാജമലയിലെ വഴിയോര കടകൾക്ക് സമീപം ഒൻപതുമണിക്കാണ് അപകടമുണ്ടായത്.
പരിക്കേറ്റ സ്ത്രീകൾ അങ്കണവാടി ഹെൽപ്പർമാരാണ്. മൂന്നാറിൽ ഏരിയ മിറ്റിങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. മറയൂരിൽ നിന്നും മൂന്നാറിലേക്ക് വന്ന ഓട്ടോ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ആറടി താഴ്ചയിൽ ഒരു മരത്തിൽ തട്ടി നിന്നതിനാൽ വലിയദുരന്തം ഒഴിവാക്കി. പരിക്കേറ്റവരെ ഉടെന മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരവസ്ഥയിൽ ഉള്ള രാധികയെയും ക്രിസ്റ്റിയേയും കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.