ഇടുക്കി : തോപ്രാംകുടി സർവീസ് സഹകരണബാങ്കിൽ നടക്കുന്ന ക്രമക്കേടുകളും അഴിമതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് യു.ഡി.എഫ്. വാത്തിക്കുടി മണ്ഡലം കമ്മിറ്റി. വർഷങ്ങളായി എൽ.ഡി.എഫ്. ഭരിക്കുന്ന ബാങ്ക് 10 കോടിയിലധികം രൂപയുടെ കടബാധ്യതയുമായി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും 13 കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരികെ നല്കാനുണ്ടെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ഭരണസമിതി നടത്തുന്ന ക്രമക്കേടുകളാണ് ബാങ്കിന്റെ തകർച്ചയ്ക്കു കാരണമെന്ന് യു.ഡി.എഫ്. പറയുന്നു.
വ്യാജ അംഗങ്ങൾക്ക് വായ്പ അനുവദിച്ചതായി രേഖയുണ്ടാക്കി ഭരണസമിതി പണം തിരിമറി നടത്തിയതായും എസ്.ടി. വിഭാഗത്തിൽപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അവരറിയാതെ അവരുടെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ വായ്പ എടുത്തിട്ടുള്ളതായും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.
സഹകാരികളുടെ നിക്ഷേപത്തുക തിരിച്ചുകൊടുക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ്. തീരുമാനമെന്ന് ചെയർമാൻ വിനോദ് ജോസഫ്, നിയോജക മണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട്, നേതാക്കളായ കെ.ബി.സെൽവം, ജയ്സൺ കെ.ആന്റണി, വി.എ.ഉലഹന്നാൻ, മിനി സാബു, എബി തോമസ്, തങ്കച്ചൻ കാരക്കാവയലിൽ, ടോമി തെങ്ങുംപള്ളിൽ എന്നിവർ പറഞ്ഞു.