ബകു: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അസര്‍ബൈജാനിലെത്തി പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തി. അര്‍മീനിയന്‍ വിമതര്‍ക്കെതിരായ പോരാട്ടത്തിന് അസര്‍ബൈജാന് തുര്‍ക്കിയയുടെ പിന്തുണയുണ്ട്. ആയിരക്കണക്കിന് അര്‍മീനിയന്‍ വംശജര്‍ അസര്‍ബൈജാനില്‍നിന്ന് പലായനം ചെയ്യുന്നതിനിടെയാണ് ഉര്‍ദുഗാന്റെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
അന്താരാഷ്ട്രതലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രദേശമായ നഗാര്‍ണോ~കരാബക്കിലെ വിഘടനവാദികള്‍ക്കെതിരെ കഴിഞ്ഞയാഴ്ച അസര്‍ബൈജാന്‍ സൈനിക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് 200ലധികം പേര്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും നഗാര്‍ണോ~കരാബക് മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്നു. 1988 മുതല്‍ 1994 വരെ നടന്ന ഒന്നാം കരാബക് യുദ്ധത്തില്‍ അര്‍മീനിയ മേഖലയില്‍ ആധിപത്യം നേടിയെങ്കിലും തുര്‍ക്കിയയുടെ പിന്തുണയോടെ 2020ലെ രണ്ടാം യുദ്ധത്തില്‍ അസര്‍ബൈജാന്‍ നിയന്ത്രണം തിരിച്ചുപിടിച്ചു. എങ്കിലും അര്‍മീനിയന്‍ അനുകൂലികള്‍ക്ക് മേഖലയില്‍ സ്വാധീനമുണ്ടായിരുന്നു.
അസര്‍ബൈജാനില്‍ അരക്ഷിതാവസ്ഥ നേരിടുന്ന അര്‍മീനിയന്‍ വംശജരെ സ്വീകരിക്കാന്‍ തയാറാണെന്ന് അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷിന്‍യാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് പലായനം സജീവമായത്. തിങ്കളാഴ്ച 3000ത്തോളം പേര്‍ അര്‍മീനിയന്‍ അതിര്‍ത്തി കടന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *