കൊല്ലം: അഞ്ചലിൽ നിന്ന് കാണാതായ യുവാവിനെ പുനലൂരിനു സമീപം കരവാളൂരിൽ സ്വകാര്യ വ്യക്തിയുടെ നിർമാണം നടക്കുന്ന വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
അഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശിയായ 21 കാരൻ സജിൻഷായാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ഇയാളുടെ ബന്ധുക്കൾ രംഗത്തെത്തി.
അഞ്ചൽ പത്തടി ഒറ്റത്തെങ്ങ് സ്വദേശി സജിൻഷായെ സെപ്റ്റംബർ 19 മുതലാണ് കാണാതായത്. ഇയാളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് കരവാളൂർ പുത്തൂത്തടം ജംഗ്ഷന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ആൾത്താമസമില്ലാത്ത വീടിന്റെ കിണറ്റിൽ സജിൻഷായുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനു പിന്നാലെ സജിൻഷായെ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മൃതദേഹം കണ്ടെത്തുന്പോൾ നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
യുവാവിനൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന പെൺകുട്ടിയെ പിന്നീട് ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. അഞ്ചൽ പോലീസ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.