ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന ചിത്രം ലിയോയാണ് കുറച്ച് നാളുകളായി ആരാധകരുടെ ചര്‍ച്ചാവിഷയം. തമിഴകത്തോ രാജ്യത്തോ മാത്രമല്ല പുറം ദേശങ്ങളിലും അങ്ങനെയാണ്. വിദേശ രാജ്യങ്ങളിലും ഒരുപാട് ആരാധകരുടെ താരവുമാണ് ദളപതി വിജയ്. യുഎസില്‍ വിജയ്യുടെ ലിയോയുടെ റിലീസ് ആഘോഷങ്ങള്‍ എങ്ങനെയായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
യുഎസില്‍ ലിയോയുടെ വിതരണം പ്രത്യങ്കിറ സിനിമാസും എഎ ക്രിയേഷൻസും ആണ്. ഷാരൂഖിന്റെ ജവാനെയും രജനികാന്തിന്റെ ജയിലറിനെയും പോലെ ടൈം സ്ക്വയറില്‍ വിജയ് നായകനാകുന്ന ആക്ഷൻ ത്രില്ലറായ ലിയോയുടെയും സ്റ്റില്ലുകള്‍ ഇതിനകം തന്നെ വിതരണക്കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 18ന് യുഎസില്‍ വിജയ് ചിത്രത്തിന്റെ ഒരു പ്രീമിയറും സംഘടിപ്പിക്കുന്നുണ്ടെന്നും ബുക്കിംഗ് സെപ്തംബര്‍ 27ന് തുടങ്ങുമെന്നും അറിയിച്ചിരിക്കുകയാണ് പ്രത്യങ്കിറ സിനിമാസും എഎ ക്രിയേഷൻസും. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്.
ലിയോയുടെ ഓഡിയോ ലോഞ്ചിനായും കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സെപ്തംബര്‍ 30ന് ചെന്നെ നെഹ്രു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ ഓഡിയോ ലോഞ്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിതരണാവകാശത്തെ ചൊല്ലി വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അനുമതി നല്കാതിരിക്കാൻ ഉദയനിധി സ്റ്റാലിനറെ റെഡ് ജിയാന്റ് ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഇത് വിജയ്യുടെ ലിയോ സിനിമയുടെ നിര്‍മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിഷേധിച്ചിട്ടുണ്ട്.
യുകെയില്‍ വിജയ്യുടെ ലിയോയുടെ ബുക്കിംഗ് ആറ് ആഴ്ച മുന്നേ ആരംഭിച്ചത് ചര്‍ച്ചയായിരുന്നു. വൻ ഹൈപ്പുള്ള ലിയോയുടെ 28000 ടിക്കറ്റുകള്‍ വിറ്റുപോയെന്നും വെളിപ്പെടുത്തി. തമിഴില്‍ ഇത് ഒരു റെക്കോര്‍ഡുമാണ്. കട്ടിങ്ങുകളില്ലാത്ത പ്രദര്‍ശനമായിരിക്കും ലിയോയുടേതായി തുടക്കത്തില്‍ യുകെയിലുണ്ടാകുക എന്ന് വിതരണക്കാരായ അഹിംസ എന്റര്ടെയ്ൻമെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.