നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന “ലിറ്റിൽ മിസ്സ് റാവുത്തർ” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘മാനിനി’ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്നു. ചിത്രം ഒക്ടോബർ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നവീനും സുധിനുമാണ് ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.