റോഷി അഗസ്റ്റിൻ (ജലസേചനവകുപ്പ് മന്ത്രി)
ഇടുക്കി : ഭൂപതിവ് നിയമ ഭേദഗതി ബിൽ ഇക്കഴിഞ്ഞ നിയമസഭയിൽ പാസായപ്പോൾ അത് ഇടുക്കിയിലെ ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസത്തിന്റെ പുതുജീവനാണ് നൽകിയത്. ഒരർഥത്തിൽ ഹൈറേഞ്ചിലെ അടക്കം കേരളത്തിലെ മുഴുവൻ കുടിയേറ്റ കർഷകരുടെയും മാഗ്നാകാർട്ടയാണ് ഇത്.
പട്ടയവ്യവസ്ഥയും കോടതിവിധികളും
-ലെ ഭൂപതിവ് നിയമപ്രകാരം 64-ലും 93-ലും രൂപവത്കരിച്ച ചട്ടങ്ങൾ പ്രകാരം നൽകിയ ഭൂമിയിൽ കൃഷിചെയ്യുന്നതിനും വീടുവെച്ചു താമസിക്കുന്നതിനുമായാണ് അവകാശം നൽകിയത്. പട്ടയവ്യവസ്ഥയ്ക്കു വിരുദ്ധമായി മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തിയാൽ പട്ടയം റദ്ദാക്കി തിരിച്ചുപിടിക്കണമെന്നാണ് നിയമം വ്യവസ്ഥചെയ്തിരുന്നത്.
എന്നാൽ കാലത്തിനനുസരിച്ചുള്ള നിർമാണങ്ങൾ ഇവിടെയും ഉണ്ടായി. പരിസ്ഥിതി സംഘടനകളുടെ ഇടപെടലിൽ കൈവശഭൂമിയിൽ നിർമാണ നിരോധനം ഏർപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി.
2016-ൽ സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം റവന്യൂ അധികാരികളുടെ എതിർപ്പില്ലാ രേഖ (എൻ.ഒ.സി.) ഇല്ലാതെ നിർമാണം നടത്താൻ പാടില്ല എന്നു നിഷ്‌കർഷിച്ചു. ഇതിനെതിരേ പല കക്ഷികളും കോടതിയെ സമീപിക്കുകയും കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സംസ്ഥാന വ്യാപകമായി നിർമാണ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.
ഇതിനെതിരേ സുപ്രീംകോടതിയിൽ സർക്കാർ കേസ് ഫയൽ ചെയ്തുവെങ്കിലും ഇതു തള്ളി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ശരിവയ്ക്കുകയാണ് ഉണ്ടായത്. ഈ അവസരത്തിൽ പരിപൂർണ നിർമാണ നിരോധനം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിൽനിന്നു വ്യതിചലിക്കുന്ന ഭൂവുടമകളുടെ പട്ടയം റദ്ദുചെയ്യണം എന്ന തരത്തിലുള്ള പരാമർശം സുപ്രീംകോടതി നടത്തുകയും ചെയ്തു. അല്ലാത്തപക്ഷം സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് 1960-ലെ ആക്ടിലും അനുബന്ധ ചട്ടങ്ങളിലും സമഗ്രമായ ഭേദഗതിവരുത്തി ക്രമവത്കരിച്ച് നിയമുണ്ടാക്കാൻ 2020-ൽ നിർദേശം നൽകി. ഒരർഥത്തിൽ ഭൂവിഷയത്തിൽ സുപ്രീംകോടതി തന്നെയാണ് സർക്കാരിന് വഴികാട്ടിയിരിക്കുന്നത്.
മുൻകാലപ്രാബല്യം
:ചട്ടങ്ങളിലെ വ്യവസ്ഥയിൽ മാറ്റംവരുത്തിയാൽ ഇനി നൽകുന്ന പട്ടയങ്ങൾക്കു മാത്രമാകും അതു ബാധകമാവുക. മുൻപ് നൽകിയ പട്ടയങ്ങൾക്ക് സാധുത ലഭിക്കില്ല. ചട്ടങ്ങളിലെ വ്യവസ്ഥ മുൻകാല പ്രാബല്യത്തോടെ എടുത്തുകളഞ്ഞാൽ മതിയെന്ന വാദവും നിലനിൽക്കില്ല. നിയമം അതിന് പരിരക്ഷ നൽകില്ല.
പഴയ പട്ടയങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി തന്നെ നിലനിൽക്കുകയാകും ഫലം. അതു മാറ്റി ക്രമപ്പെടുത്തണമെങ്കിൽ നിയമത്തിൽ തന്നെ മാറ്റംവരുത്തിയാൽ മാത്രമേ ഇതിന്റെ ഉദ്ദേശം സാധൂകരിക്കൂ. അല്ലാത്തപക്ഷം 1964, 94 ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയഭൂമിയിൽ വ്യവസ്ഥകൾക്കു പുറത്തുള്ള നിർമാണ പ്രവർത്തനങ്ങളോ മറ്റോ നടത്തിയാൽ ക്രമപ്പെടുത്താൻ വകുപ്പില്ല. അതുകൊണ്ടാണ് ആക്ടിലും റൂളിലും സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്.
സുപ്രീംകോടതിയുടെയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും വിധിവന്ന പശ്ചാത്തലത്തിൽ മറ്റൊരു പോംവഴിയും സർക്കാരിന് മുന്നിൽ ഇല്ലാത്ത സാഹചര്യവും വന്നു. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യംമാത്രം വച്ചുകൊണ്ടുള്ളതാണ്.
വൈതരണികൾ ഒരുപാടുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ. രാജനും ശക്തമായി ഒപ്പംനിന്നു. എം.എം. മണി ഉൾപ്പെടുന്ന എം.എൽ.എ.മാരും എൽ.ഡി.എഫ്. നേതൃത്വവും ഒരേ മനസ്സോടെ നിന്നു തടസ്സങ്ങൾനീക്കി. ഭൂപതിവ് ഭേദഗതി ബില്ല് ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.
ചട്ടങ്ങളിൽ ആശങ്ക പരിഹരിക്കും
:പുതിയ നിയമത്തിനായി ചട്ടങ്ങൾ ഉണ്ടാക്കുമ്പോൾ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ അതു പരിഹരിച്ച് ചട്ടങ്ങൾ നിർമിക്കാൻ കഴിയും. കൃഷിചെയ്ത് വരുന്ന ഭൂമി നിർഭയമായി കൈകാര്യം ചെയ്തു ജീവിക്കാൻ അവസരം ഒരുക്കി ഹൈറേഞ്ചിലെ കർഷകന്റെ ജീവിതം പുതിയ തലത്തിലേക്ക് ഉയർത്തും.
JUST IN