ഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി 2023 എന്‍ട്രന്‍സ് പരീക്ഷയുടെ കട്ട് ഓഫ് ശതമാനം പൂജ്യം ആക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി തള്ളി.
കട്ട് ഓഫ് ശതമാനം കുറയ്ക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നീറ്റ് പിജിയുടെ കട്ട് ഓഫിനെക്കുറിച്ച് ഒരു അഭിഭാഷകന് എന്തറിയാമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഒരു ഉദ്യോഗാര്‍ഥി പോലുമല്ലാത്തപ്പോള്‍ ഈ തീരുമാനം അദ്ദേഹത്തെ എങ്ങനെ ബാധിക്കുമെന്നും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കേസ് പരിഗണിച്ച ബെഞ്ച് ഹര്‍ജിക്കാരനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു.
രാജ്യത്ത് മെഡിക്കല്‍ ബുരുദാനന്തര പഠനത്തിന് 2000 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ നീറ്റ്-പിജി കട്ട് ഓഫ് 50 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാന്‍ സെപ്റ്റംബര്‍ 22ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ മെഡിക്കല്‍ വിദഗ്ധരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.