നാൽപത്തിയാറാം വയസ്സിൽ മേതിൽ ദേവിക ബിഗ് സ്ക്രീനിലെത്തുകയാണ്. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെ. ‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നിൽക്കാനായിരുന്നു തീരുമാനം. ആ തീരുമാനം ഒരു ശതമാനം പോലും തെറ്റിയില്ലെന്ന പൂർണവിശ്വാസമുണ്ട്. ഇന്നോളമുള്ള നൃത്തജീവിതത്തിനിടെ ലഭിച്ച രണ്ടു ദേശീയ പുരസ്കാരങ്ങൾ, കേരള സംഗീതനാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ, ആർക്കൈവൽ ഫിലിമിനു ലഭിച്ച ഓസ്കർ കണ്ടെൻഷൻ എന്നീ നേട്ടങ്ങൾ അതിനു തെളിവായുണ്ട്. ഐഎസ്ആർഒയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്. 
കലയെ ശാസ്ത്രവുമായി കോർത്തിണക്കി ഞാൻ തന്നെ ആശയം നൽകി നടത്തുന്ന പഠനമാണിത്. ശാസ്ത്രീയനൃത്തത്തിന്റെ മേഖലയിൽ ചുവടുറപ്പിച്ച് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ. നൃത്തവേദിയിൽ നിന്നു ലഭിക്കുന്ന സന്തോഷത്തിലും വലുതല്ല എനിക്കു മറ്റൊന്നും. വിഷ്ണു വളരെ ഗിഫ്റ്റഡ് ആയ ചെറുപ്പക്കാരനാണ്. എന്നെ ഈ ചിത്രത്തിലേക്കെത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്.
മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാൻ കാരണം.’ നൃത്തവേദികളിലേതിൽ നിന്ന് ഏറെ വ്യത്യാസം സിനിമാഭിനയത്തിനുണ്ടെങ്കിലും ക്യാമറയ്ക്കു മുന്നിൽ സഭാകമ്പമൊന്നും തനിക്കു തോന്നിയില്ലെന്നും ദേവിക പറയുന്നു. ദേവികയിൽ ഇരുത്തം വന്ന അഭിനേത്രിയെ ആണു താൻ കണ്ടതെന്നു വിഷ്ണു മോഹനും പറയുന്നു. ‘ ഏറെ പരിചിതമായ, എന്നാൽ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖത്തിനായുള്ള അന്വേഷണമാണു ദേവികയിലെത്തിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed