ലക്നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ ക്ലിനിക്കില്‍ രണ്ട് നവജാത ശിശുക്കള്‍ തണുത്ത് മരിച്ചു. രാത്രിയിലും എ.സി. പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് തണുത്ത് വിറച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഷാംലി ജില്ലയിലാണ് സംഭവം. പരാതിയെത്തുടര്‍ന്ന് നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ ക്ലിനിക്ക് ഉടമ ഡോ. നീതുവിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
സുഖകരമായ ഉറക്കത്തിന് ക്ലിനിക്കിന്റെ ഉടമയായ ഡോക്ടര്‍ എ.സി. പ്രവര്ത്തിപ്പിക്കുകയായിരുന്നെന്നും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജനിച്ച കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായാണ് ക്ലിനിക്കിലേക്ക് കൊണ്ടുപോയത്.
ചികിത്സയുടെ ഭാഗമായി കുട്ടികളെ ഫോട്ടോ തെറാപ്പി യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഡോക്ടര്‍ എ.സി. ഓണാക്കിയിരുന്നു. പിറ്റേന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.