കൊച്ചി: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് തനിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നുള്ള വാര്‍ത്തകള്‍ തള്ളി യുട്യൂബ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാന്‍. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പോലീസ് നോട്ടീസ് പുറപ്പെടുവിച്ചില്ലെന്നും സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിലൂടെ ഷാക്കിര്‍ സുബ്ഹാന്‍ അറിയിച്ചു.
ഒരാള്‍ കൊടുത്ത കള്ളക്കേസിന്റെ പേരില്‍ നാട്ടിലേക്ക് വരേണ്ട കാര്യമില്ല. പോലീസോ കോടതിയോ ആവശ്യപ്പെട്ടാല്‍ മാത്രമേ വരേണ്ടതുള്ളൂ. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടേ മടങ്ങൂവെന്നും ഷാക്കിറിന്റെ പോസ്റ്റിലുണ്ട്. കള്ളക്കേസാണെന്ന് തെളിയിക്കുന്ന എല്ലാ തെളിവുകളും കൈയ്യിലുണ്ട്, അതു കോടതിയെ ബോധ്യപ്പെടുത്തണമെന്ന കടമ്പ മാത്രമേയുള്ളൂ എന്നും പോസ്റ്റിലുണ്ട്.