വണ്ടിപ്പെരിയാർ : മൂങ്കിലാറിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്ത് എത്തിയ കുമളി റേഞ്ചിലെ ഉദ്യോഗസ്ഥർ ഏഴുമുക്ക് ഭാഗത്താണ് കൂടുവെച്ചത്.
ആറ് മാസത്തിൽ ഏറെയായി മൂങ്കിലാറിൽ പുലിസാന്നിധ്യമുണ്ട്. ഒരുമാസമായി പുലിശല്യം രൂക്ഷമാണ്. ആടുകളും വളർത്തുനായ്‌ക്കളും ഉൾപ്പെടെ പന്ത്രണ്ടോളം വളർത്തുമൃഗങ്ങളാണ് ഇക്കാലയളവിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞയാഴ്ച വനംവകുപ്പ് ഇവിടെ നിരീക്ഷണക്യാമറ സ്ഥാപിച്ചു. രണ്ട് ദിവസത്തിനകം പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. പ്രായമായ ഒരു പുലിയാണ് ഇതെന്ന് സ്ഥിരീകരണം ഉണ്ടായി.