ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ അധ്യാപിക ഏഴു വയസ്സുകാരനായ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.
ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അതു മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു
സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച കോടതി, ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞു. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബര്‍ 30നു വീണ്ടും പരിഗണിക്കും.
സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ മാസമാദ്യം വൈറലായത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണു പുറത്തുവന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ തൃപ്ത ത്യാഗി കസേരയിലിരുന്നു നിര്‍ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി മര്‍ദിക്കുകയുമായിരുന്നു. ”എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ” എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു.
അടിയേറ്റ കുട്ടിക്കും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ഥികള്‍ക്കും പ്രഫഷനല്‍ കൗണ്‍സിലര്‍മാരെക്കൊണ്ട് കൗണ്‍സിലിങ് നടത്താന്‍ കോടതി യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കു കൗണ്‍സിലിങ് നല്‍കിയതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ കോടതി എതിര്‍പ്പ് രേഖപ്പെടുത്തി. മതത്തിന്റെ പേരിലാണ് മകനെ മര്‍ദിച്ചതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നെങ്കിലും എഫ്ഐആറില്‍ അത് പരാമര്‍ശിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാര്യമാണ്, അതില്‍ സെന്‍സിറ്റീവ് വിദ്യാഭ്യാസവും ഉള്‍പ്പെടുന്നു. ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ യുപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും കോടതി പറഞ്ഞു.
കേസിന്റെ വര്‍ഗീയവശം അതിശയോക്തി കലര്‍ന്നതാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ ആറിന്, ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി യുപി സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു.
കുറ്റാരോപിതര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി നോട്ടിസില്‍ ചോദിച്ചു.