പാലാ: ഇടമറ്റത്തിന് പിന്നാലെ അന്ത്യാളം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും മദ്യ – ലഹരി സംഘത്തിന്റെ തേർവാഴ്ച. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യ – ലഹരി സംഘം അന്ത്യാളത്ത് അഴിഞ്ഞാടുകയാണെന്നാണ് പരാതി.
അന്ത്യാളത്തും സമീപപ്രദേശങ്ങളിലുമായി അനധികൃത മദ്യ – ലഹരി വില്പന കേന്ദ്രങ്ങള്‍ സജീവമാണ്. ഇവിടെ നിന്നും ലഹരി ഉപയോഗിച്ച ശേഷം ജംഗ്ഷനിലെത്തുന്ന യുവാക്കള്‍ വ്യാപാരികളെയും അതുവഴി കടന്നുപോകുന്ന യാത്രക്കാരെയുമെല്ലാം അസഭ്യം വിളിക്കുകയാണെന്നാണ് ആക്ഷേപം. എതിര്‍ക്കാന്‍ ചെല്ലുന്നവരെ കൈയ്യേറ്റവും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി മദ്യപാനികളുടെ ശല്യം ഏറെ രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
നടുറോഡിൽ താണ്ഡവം
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ മദ്യപ സംഘത്തെ എതിർത്ത വിമുക്ത ഭടനെ നടുറോഡിൽ വച്ച് ഭീക്ഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ അഞ്ചുപേരുടെ സംഘം അന്ത്യാളം ജംഗ്ഷനില്‍ റോഡിലൂടെ തലങ്ങും വിലങ്ങും നടന്ന് മണിക്കൂറുകൾ നേരം അസഭ്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത ബാങ്ക് ജീവനക്കാരനെ ഇവർ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇദ്ദേഹം പാലാ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മദ്യപ സംഘത്തെ പിന്തിരിപ്പിച്ച ശേഷം പോലീസ് സംഘം മടങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇവർക്ക് സംരക്ഷണം കൊടുക്കാൻ ഭരണ കക്ഷിയിലെ ചിലർ രംഗത്തുള്ളതാണ് പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നും പറയുന്നു.
അതിനാൽതന്നെ പോലീസ് സംഘം മടങ്ങിപ്പോയ ഉടന്‍ പഴയതിലും അധികം രൂക്ഷമായ അസഭ്യവുമായി മദ്യപാനികള്‍ വീണ്ടും ജംഗ്ഷനിലെത്തി. വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഇവരെക്കൊണ്ട് പൊറുതിമുട്ടി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രി തന്നെ വീണ്ടും പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേയ്ക്കും മദ്യപാനികള്‍ കടന്നുകളഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ വീണ്ടും ഇവര്‍ അന്ത്യാളം ജംഗ്ഷനിലെത്തി ഭീഷണിയും അസഭ്യവര്‍ഷവും തുടര്‍ന്നു. വീണ്ടും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും മദ്യപാനികള്‍ സ്ഥലം വിട്ടിരുന്നു. ലഹരി സംഘത്തിന് സംരക്ഷണം ഒരുക്കുന്ന രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി അവരെയും അവരുടെ പാർട്ടിയെയും ബഹിഷ്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
എക്സൈസിനും നിസംഗത
നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മദ്യപാനികളെ പിടികൂടാനോ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അന്ത്യാളത്തും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത മദ്യവില്പന ശാലകളും ലഹരി കൈമാറ്റ കേന്ദ്രങ്ങളും പൂട്ടിക്കാനോ വില്‍പ്പനക്കാരെ പിടികൂടാനോ എക്‌സൈസ് അധികാരികളും തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
എക്‌സൈസിന്റെ പ്രവർത്തനം കള്ളു ഷാപ്പുകളിലും ബാറുകളിലും മാസപ്പടി നടക്കുന്ന പതിവിൽ ഒതുങ്ങുകയാണെന്നും ആക്ഷേപം ശക്തമാണ്. നാട്ടിൽ കഞ്ചാവും അതിതീവ്ര ലഹരി മരുന്നുകളും വ്യാപകമായിട്ടും ഇതിനു തടയിടാൻ എക്സൈസ് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
പരാതിപ്പെട്ടവര്‍ക്ക് നേരം മദ്യപസംഘം
ശനിയാഴ്ച വൈകിട്ട് തന്റെ വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞ നാലഞ്ചുപേരെ ബാങ്ക് ജീവനക്കാരന്‍ വിലക്കിയതോടെ ഇയാള്‍ക്കെതിരെ തിരിയുകയായിരുന്നു മദ്യപസംഘം. വീട്ടില്‍കയറി അടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അന്ത്യാളം ജംഗ്ഷനിലെ വായനശാലയ്ക്ക് മുന്നിലും ഇവര്‍ താണ്ഡവമാടി. നിരവധിപ്പേര്‍ കാഴ്ചക്കാരായി നിന്നെങ്കിലും ആരും ഇവര്‍ക്കെതിരെ പ്രതികരിച്ചില്ല. ബാങ്ക് ജീവനക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി മടങ്ങിപ്പോയ ഉടന്‍ വീണ്ടും മദ്യപസംഘം ബാങ്ക് ജീവനക്കാരനെതിരെ കൊലവിളി മുഴക്കുകയിയിരുന്നു.
ഇടവഴികൾ താവളമാക്കി
നഗര പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യം ശക്തമായതോടെ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന ലഹരി മാഫിയ നാട്ടിൻപുറങ്ങളിൽ സൃഷ്ടിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളുടെ സ്വൈര്യ വിഹാരത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ബാധിക്കുന്നതാണ് പാലായിലെ സ്ഥിതിവിശേഷം.
ശല്യക്കാർക്കെതിരെയുള്ള നടപടി കൂടുതൽ ശക്തമാക്കാൻ പോലീസ് മടിക്കുന്നതോടെ പോലീസ് സംഘം പോയി കഴിഞ്ഞാൽ ഉടൻ സാമൂഹ്യ വിരുദ്ധർ ഇതേ പ്രദേശങ്ങളിൽ വീണ്ടും സജീവമാകുന്നതാണ് പതിവ്.
കഴിഞ്ഞ ആഴ്ച ഇടമറ്റത്ത് രണ്ടു മണിക്കൂർ നേരം ജംങ്ഷനിൽ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നതിനു ശേഷം പോലീസ് പോയി 5 മിനിറ്റിനുള്ളിൽ കവലയിൽ ഇരുന്ന് രണ്ടു പേർ പരസ്യമായി മദ്യപിച്ച സംഭവം ഉണ്ടായി. എന്നാൽ മടങ്ങിപ്പോയെന്ന് കരുതിയ പോലീസ് വാഹനം ഉടനടി തിരിച്ചെത്തിയപ്പോൾ ഇവരെ കൈയ്യോടെ പിടികൂടുകയും ചെയ്തു.