ന്യൂഡല്‍ഹി: സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ വിഘടനവാദ സംഘങ്ങള്‍ പണം നിക്ഷേപിച്ചതായി എന്‍ഐഎ. തായ് ലന്‍ഡിലെ ബാറുകളിലും ക്ലബ്ബുകളിലും ഖലിസ്ഥാന്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. 2019 മുതല്‍ 2021 വരെയുള്ള സംഭവങ്ങള്‍ പരിശോധിച്ച് എന്‍ഐഎ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാനി നേതാക്കളുടെയും ഗുണ്ടാസംഘങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. കള്ളക്കടത്ത്, കൊള്ള, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ വഴി  ഇന്ത്യയില്‍ സമ്പാദിക്കുന്ന പണം, ഇന്ത്യയിലും കാനഡയിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. 
കൂടാതെയാണ്  സിനിമകള്‍, ആഡംബര ബോട്ടുകള്‍, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലും നിക്ഷേപിച്ചിരുന്നത്. 2019 മുതല്‍ 2021 വരെ 5 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയ് കാനഡയിലേക്കും തായ്‌ലന്‍ഡിലേക്കും ഹവാല വഴി അയച്ചിട്ടുണ്ട്. 13 തവണ ഇത്തരത്തില്‍ പണം അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ബിഷ്‌ണോയി ഗോള്‍ഡി ബ്രാര്‍ (സത് വിന്ദര്‍ജീത് സിംഗ് ) മുഖേന കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പുകളുമായി, പ്രത്യേകിച്ച് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡയുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. 
കൊള്ളയടിക്കല്‍, അനധികൃത മദ്യം, ആയുധക്കടത്ത് ബിസിനസ്സ് തുടങ്ങിയവയിലൂടെ സമാഹരിച്ച പണം കൂടുതല്‍ നിക്ഷേപത്തിനും ഖലിസ്ഥാന്‍ അനുകൂല സംഘങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുമായി ഹവാല വഴി കാനഡയിലേക്ക് അയച്ചു നല്‍കുകയായിരുന്നുവെന്നും കുറ്റപത്ത്രതില്‍ വ്യക്തമാക്കുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *