ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടിയപ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ഉപദ്രവിച്ചുവെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍.
ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി വാദം കേള്‍ക്കുമ്പോഴാണ് ഡല്‍ഹി പൊലീസ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ബ്രിജ് ഭൂഷനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എന്താണ് ചെയ്യുന്നതെന്ന് ബ്രിജ് ഭൂഷന് അറിയാമായിരുന്നുവെന്നും വനിതാ ഗുസ്തി താരങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും ഡല്‍ഹി പൊലീസിനെ പ്രതിനിധീകരിച്ച് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു.
കുറ്റം ചുമത്താന്‍ പര്യാപ്തമായ മൂന്നു തരത്തിലുള്ള തെളിവുകളാണ് ബ്രിജ് ഭൂഷനെതിരെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രേഖാമൂലമുള്ള പരാതിയും സാക്ഷിമൊഴികളും ഉള്‍പ്പെടെയാണിത്.
ബ്രിജ് ഭൂഷനെതിരായ കേസുകള്‍ക്ക് ആസ്പദമായ സംഭവം നടന്നത് ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ സിആര്‍പിസിയുടെ 188-ാം വകുപ്പ് പ്രകാരമുള്ള അനുമതി ആവശ്യമാണെന്നുള്ള ബ്രിജ് ഭൂഷന്റെ അഭിഭാഷകന്റെ വാദം അദ്ദേഹം എതിര്‍ത്തു.
എല്ലാ കേസുകളും ഇന്ത്യയ്ക്കു പുറത്തല്ല നടന്നതെന്നും പ്രത്യേക അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും മറ്റു സ്ഥലങ്ങളിലും വച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിനാല്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനു പുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി കോടതിക്ക് അധികാരമില്ലെന്ന് ബ്രിജ് ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് മോഹന്‍ നേരത്തേ വാദിച്ചിരുന്നു. ബ്രിജ് ഭൂഷനെതിരെ ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 506 എന്നീ വകുപ്പുകള്‍ ചുമത്തി ജൂണ്‍ 15നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.