കൊണ്ടോട്ടി-കോഴിക്കോട് വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവൻ ഉടമകളും രേഖകൾ കൈമാറി. ശനിയാഴ്ച നെടിയിരുപ്പ് പാലക്കപ്പറമ്പ് അങ്കണവാടിയിൽ നടന്ന പ്രത്യേക ക്യാമ്പിൽ 37 പേർ രേഖകൾ നൽകി. ഒരാൾ വിമാനത്താവളത്തിലെ ഓഫീസിലെത്തിയും രേഖകൾ കൈമാറിയതോടെയാണ് പൂർണമായത്.
നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നാലു സംഘമായി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചു. ഹാജരാക്കിയ രേഖകളിലെ പോരായ്മകൾ ഉദ്യോഗസ്ഥർ ഭൂവുടമകൾക്ക് ബോധ്യമാക്കിയിട്ടുണ്ട്. ഇവ ശരിപ്പെടുത്തുന്നതിന് കൂടുതൽ സമയം അനുവദിച്ചു. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലായി 80 ഭൂവുമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആധാരം, നികുതി രസീത്, കുടിക്കട സർട്ടിഫിക്കറ്റ്, പട്ടയം, കൈവശ സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുടെ പകർപ്പുകളാണ് സ്വീകരിച്ചത്. രേഖകളുടെ വിശദമായ പരിശോധന  ഉടൻ പൂർത്തിയാക്കി നഷ്ടപരിഹാരത്തുക നിജപ്പെടുത്തും. തുടർന്ന് യഥാർഥ പ്രമാണങ്ങൾ ഏറ്റുവാങ്ങി തുക കൈമാറും. 30-നകം നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ കണക്കാക്കിയ നഷ്ടപരിഹാരത്തുക ഭൂവുടമകളെ റവന്യൂ ഉദ്യോഗസ്ഥർ ബോധിപ്പിച്ചിട്ടുണ്ട്.
നെടിയിരുപ്പിൽ 24-ഉം പള്ളിക്കലിൽ 12-ഉം അടക്കം 36 വീടുകളാണ് ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. ഇതു കൂടാതെ, പള്ളിക്കലിൽ രണ്ടു ക്വാർട്ടേഴ്സുകളും മൂന്ന് കെട്ടിടങ്ങളും വേറേയുമുണ്ട്. നെടിയിരുപ്പിൽ ഒരു ടർഫ് ഗ്രൗണ്ടും കെട്ടിടവും ഉൾപ്പെടും. നഷ്ടപ്പെടുന്ന ഭൂമിക്ക് പുറമെ മരങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ കണക്കാക്കിയ തുക ഉദ്യോഗസ്ഥർ ഭൂവുടമകളെ അറിയിച്ചു.
പള്ളിക്കൽ പഞ്ചായത്തിൽ പട്ടയമില്ലാത്ത ഭൂമിയിൽ താമസിക്കുന്നവർക്കും നഷ്ടപരിഹാരത്തുക ലഭിക്കും. രണ്ടു കുടുംബങ്ങൾക്ക് 20 സെന്റ് ഭൂമിക്ക് പട്ടയം ഉടൻ അനുവദിക്കും. ഇവരുടെ നാലു വീടുകൾക്ക് പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയുള്ള തുക ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.
ഡെപ്യൂട്ടി കളക്ടർ പ്രേംലാൽ, തഹസിൽദാർ കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ അഹമ്മദ്സാജു, ശ്രീധരൻ, സത്യനാഥൻ, നൗഷാദ്, ഷിബി, ഷിജിത്ത് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
2023 September 24Keralakaripurrunwaytitle_en: land documents submitted to airport runway

By admin

Leave a Reply

Your email address will not be published. Required fields are marked *