കട്ടപ്പന: കട്ടപ്പനയിൽ നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങുന്നു. സ്വകാര്യവ്യക്തി വിട്ടുനൽകിയ സ്ഥലത്താണ് പരിശീലന കേന്ദ്രം ഒരുക്കുന്നത്. കട്ടപ്പന നഗരസഭാ കൗൺസിൽ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. നഗരസഭാ ധ്യക്ഷ ഷൈനി സണ്ണി ചെറിയാന്റെ ശ്രമഫലമായാണ് പദ്ധതി യഥാർഥ്യമാകുന്നത്. ചെയർപേഴ്സന്റെ വാർഡായ വെട്ടിക്കുഴക്കവലയിലാണ് ഇതിനായി ഏഴര സെന്റ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.അമ്പലക്കവലയിൽ പിഎസ് സി ഓഫീസിനായി വിട്ടുനൽകിയ സ്ഥലത്തിനോട് ചേർന്നുള്ള മൂന്നര സെന്റ് സ്ഥലം വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യത്തിനായി ഉടമസ്ഥാവകാശം നിലനിർത്തി പിഎസ്സിക്ക് നൽകാനും തീരുമാനിച്ചു.വഴിവിളക്കിന്റെ ആവശ്യമുള്ള നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ ഫെഡറൽ ജ്യോതി എന്ന പേരിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി. 15 ലക്ഷം രൂപയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. വാഴവരയിൽ ഇ എസ്ഐ ആശുപത്രിക്കായി നഗരസഭ 4 ഏക്കർ 60 സെന്റ് സ്ഥലം വിട്ടുനൽകുന്നതും കൗൺസിൽ അംഗീകരിച്ചു.