ഇടുക്കി: മുണ്ടിയെരുമയിൽ വൈദ്യുതലൈനിൽ ടോറസ് കുടുങ്ങി അപകടം.ഒരാൾക്ക് നിസാര പരിക്കേറ്റു. വൻ അപകടത്തിൽനിന്നു തലനാരിഴയ്ക്കാണ് വാഹന യാത്രക്കാർ രക്ഷപ്പെട്ടത്.മുണ്ടിയെരുമ-കൊമ്പയാർ റോഡിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം.താന്നിമൂട് പാലം പണി നടക്കുന്നതിനാൽ വാഹനങ്ങൾ നെടുങ്കണ്ടം – കോമ്പയാർ – മുണ്ടിയെരുമ റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. നെടുങ്കണ്ടം ഭാഗത്തുനിന്ന് എത്തിയ ടോറസ് വൈദ്യുതലൈനിൽ കുരങ്ങുകയായിരുന്നു. പൊട്ടിവീണ വൈദ്യുതകമ്പി പിന്നാലെ എത്തിയ സ്കൂട്ടറിൽ ചുറ്റുകയും സ്കൂട്ടർ യാത്രികൻ നിലത്തുവീണു. ഇയാൾക്ക് സിസാരപരിക്കേറ്റു. പോസ്റ്റ് ഒടിഞ്ഞ കൂട്ടത്തിൽ വൈദ്യുതിലൈൻ പൊട്ടി വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ഇതേസമയംതന്നെ എതിർ ദിശയിൽ വന്ന സ്കൂട്ടർ യാത്രികന്റെ മുന്നിലേക്കാണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വൈകുന്നേരത്തോടെ വൈദ്യൂതി വിതരണം പുനഃസ്ഥാപിച്ചു.