ഇടുക്കി: വണ്ണപ്പുറത്ത് റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. മുള്ളരിങ്ങാട് ചാമപ്പാറയിൽ പ്രസാദ്, കുറുന്പനയ്ക്കൽ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇവർ പൈങ്ങോട്ടൂരിൽനിന്നു മുള്ളരിങ്ങാടിന് വരുന്ന വഴി ചാത്തമറ്റത്താണ് റോഡിൽ കാട്ടാന നിൽക്കുന്നത് കണ്ടത്. ആനയെ കണ്ടു ഭയന്ന ഇവർ പെട്ടെന്ന് വാഹനം എതിർവശത്തേക്ക് വെട്ടിച്ചതോടെ റോഡരികിൽ കൂട്ടിയിട്ടിരുന്ന ജലവിതരണ പൈപ്പിൽ കയറി മറിയുകയായിരുന്നു. വാഹനത്തിനും സാരമായ കേടുപാടു സംഭവിച്ചു. കുറേ സമയം റോഡിൽ നിന്നശേഷമാണ് ആന മാറിപ്പോയത്. മുള്ളരിങ്ങാട് മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആനശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. മാസങ്ങൾക്കുമുന്പ് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനു മുന്പിൽ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്ന് മൂന്നു കിലോമീറ്റർ ഭാഗത്ത് ആനയെ പ്രതിരോധിക്കാൻ വേലി കെട്ടിയിരുന്നു. എന്നാൽ, ഒരു ഭാഗത്തു മാത്രം വേലി കെട്ടിയതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല. കൂടാതെ റോഡിൽ വെളിച്ചമില്ലാത്തതിനാൽ ആന ഇറങ്ങിയാൽ വാഹനം അടുത്തെത്തിയാൽ മാത്രമേ കാണാൻ കഴിയൂ. സോളാർ ലൈറ്റും ഇരുവശവും വേലിയും നിർമിച്ച് വനവും റോഡും വേർതിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെങ്ങും റബറും ഉൾപ്പെടെ എല്ലാ കൃഷികളും കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും നശിപ്പിച്ചിട്ടും ഇവയെ നിയന്ത്രിക്കാൻ തയാറാകാത്ത വനംവകുപ്പിന്റെ നടപടിയിൽ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ.