നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ നിലമ്പൂരിൽ അറസ്റ്റിലായി. തൃക്കാക്കര പൊലീസാണ് നിലമ്പൂരിലെത്തി ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ബിഎസ്എൻഎലിന്റെ വ്യാജ ടെലഫോൺ ബിൽ നിർമ്മിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയെന്ന ആക്ഷേപത്തിലാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് ഇപ്പോൾ ഷാജനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കമ്പനി ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ ഉൾപ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജൻ സ്കറിയയ്ക്ക് എതിരെ ചുമത്തിയത്.
ഈ കേസിൽ ഇന്ന് ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ പരിഗണിക്കവേയാണ് മണിക്കൂറുകൾക്ക് മുൻപ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു ചെയ്തത്.
നേരത്തെ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിൽ ഷാജന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.