തൃശ്ശൂർ: വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്ന പൊലീസിന് കിട്ടിയത് 375 കുപ്പി വിദേശമദ്യം. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടിൽ മുബാസ് (33) പിടിയിലായി. സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനയ്ക്കിടെ ഡിക്കിയുടെ ലോക്ക് പ്രവർത്തിക്കുന്നില്ലെന്ന് മുബാസ് പൊലീസിനോട് പറഞ്ഞു.
ഇത് വകവയ്ക്കാതെ പൊലീസ് മെക്കാനിക്കിനെ കൊണ്ടുവന്ന് തുറക്കുകയായിരുന്നു. മുന്തിയ ഇനം വിദേശമദ്യം വാഹനത്തിൽ കണ്ടെത്തുകയായിരുന്നു. ഓണത്തിന്റെ ഭാഗമായി നടന്ന വാഹനപരിശോധനയ്ക്കിടെ അശ്വനി ജങ്ഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. ബ്രൗൺഷുഗർ കടത്തിയതുൾപ്പടെ കോഴിക്കോട്, വടകര, ചാലക്കുടി, ചാവക്കാട് സ്റ്റേഷനുകളിൽ മുബാസിന്റെ പേരിൽ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണസംഘത്തിൽ ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ ശരത് സോമൻ, എംആർ അരുൺ കുമാർ, ജില്ലാ ലഹരിവിരുദ്ധസേന സബ് ഇൻസ്പെക്ടർമാരായ എൻ ജി സുവ്രതകുമാർ, പിഎം റാഫി, പി രാകേഷ്, കെ ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി സുദേവ്, പഴനിസ്വാമി, സുഹൈൽ, ലികേഷ്, വിപിൻ, എസ് സുജിത്ത്, എസ് ശരത്ത്, കെ കെ ആഷിഷ്, ആർ രഞ്ജു എന്നിവരാണ് ഉണ്ടായിരുന്നത്.