ഡല്‍ഹി: ചന്ദ്രയാന്‍-3 വിജയത്തിന് ശേഷം ഇസ്രോ ശാസ്ത്രജ്ഞരെ അഭിനനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ബെംഗളൂരുവിലെത്തി. എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറോ എത്തിയിരുന്നില്ല.
അതേസമയം വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി തടഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.’തനിക്ക് മുന്‍പ് കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇസ്രോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചതിന് പ്രധാനമന്ത്രിയ്ക്ക് അതൃപ്തിയുണ്ട്. അതുകൊണ്ടാണ് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ അദ്ദേഹം തടഞ്ഞത്. ഇത് പ്രോട്ടോക്കോളിന് എതിരാണ്. ഇത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എക്സില്‍ പോസ്റ്റ് ചെയ്തു.
ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്, തൊട്ടുപിന്നാലെ 2008 ഒക്ടോബര്‍ 22-ന്, അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററില്‍ മുഖ്യമന്ത്രിയായിരുന്ന മോദി നടത്തിയ സന്ദര്‍ശനം പ്രധാനമന്ത്രി മോദി മറന്നോ?.’ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം എപ്പോള്‍ ബെംഗളൂരുവിലെത്തുമെന്ന് അറിയാത്തതിനാല്‍ മന്ത്രിയെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
”ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ച് പോകുമെന്നതിനാല്‍ മുഖ്യമന്ത്രിയോടും ഗവര്‍ണറോടും വരരുതെന്ന് പറഞ്ഞിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കേണ്ട കാര്യമില്ലെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.’- ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് സെന്ററിലെ ശാസ്ത്രജ്ഞരുമായും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.