പൊന്നാനി: കാലികപ്രസക്തമായ സംഭവവികാസങ്ങളിൽ പ്രസക്തമായ ഇടപെടലുകൾ നടത്താറുള്ള പൊന്നാനി സ്വദേശിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ  മുസ്ലിം നേതാവ് ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ വിജയകിരീടം ചൂടിയ ചന്ദ്രയാൻ ദൗത്യത്തിലെ ശിൽപ്പികൾക്ക് അഭിനന്ദനമറിയിച്ച് സന്ദേശമയച്ചു.  
ഐ എസ് ആർ ഒ ചെയർമാനും മുൻ ചാന്ദ്രദൗത്യം പരാജയപ്പെടുന്നതിൽ കാരണമായിരുന്ന ക്രയോജനിക്‌ എൻജിനിലെ തകരാർ പരിഹരിച്ച് വിജയം കൈവരിക്കുന്നതിൽ   മുഖ്യപങ്കു വഹിക്കുകയും ചെയ്ത  മലയാളിയായ റോക്കറ്റ് ടെക്നൊളജിസ്റ്റും ഏറോസ്‌പേസ് എഞ്ചിനിയറുമായ ഡോ. എസ് സോമനാഥിന് ആണ് ഖാസിം കോയ ഉസ്താദ് അഭിനന്ദന സന്ദേശം അയച്ചത്.
കൊല്ലം തങ്ങൾ കുഞ്ഞു മുസ്‌ലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന്  മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി ഈ രംഗത്ത് കാലുറപ്പിച്ച ചേർത്തല, തുറവൂർ സ്വദേശിയായ സോമനാഥിന് അയച്ച സന്ദേശത്തിൽ “ചന്ദ്രയാൻ-3 ന്റെ ഉജ്ജ്വല വിജയം 140 കോടി ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തുകയും കൂടുതൽ വലിയ സ്വപ്നങ്ങൾ  കാണാനും ഇതിലും വലിയ വിജയങ്ങൾ  നേടാനും നിങ്ങളിലൂടെ കൈവന്ന വിജയം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു” എന്ന് ഖാസിം കോയ പറഞ്ഞു.   
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായ ചന്ദ്രയാൻ -3 ന്റെ വിജയം  ഐ എസ് ആർ  ഒ ടീമിന്റെ കൂട്ടായ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും നിങ്ങളുടെയെല്ലാം വൈദഗ്ദ്യത്തിന്റെയും അനിഷേധ്യമായ തെളിവാണ്.  
ഇത് നമ്മുടെ രാജ്യത്തിന്റെ വളരുന്ന സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രതീകമാണ്,”  വരും വർഷങ്ങളിലും നമ്മുടെ രാജ്യം വലിയ വലിയ നേട്ടങ്ങൾ കൈവരിക്കുകയും അവ മനുഷ്യരാശിയ്ക്ക് തന്നെ ഗുണകരമായി മാറുകയും ചെയ്യുന്നത് കാണാനുള്ള ആവേശപൂർവമായ കാത്തിരിപ്പിലാണ്  ഞാനുൾപ്പെടെയുള്ള സാധാരണ ഇന്ത്യക്കാർ പോലും”  സന്ദേശം തുടർന്നു.
ചന്ദ്രന്റെ ഉത്ഭവം, ഭൂമിശാസ്ത്രം, ഭാവി  പര്യവേക്ഷണത്തിനുള്ള  സാധ്യത  തുടങ്ങി നിരവധി സുപ്രധാന  കാര്യങ്ങൾ മനസ്സിലാക്കുന്നതിനും അതിൽ തുടർ ഗവേഷണം നടത്തുന്നതിനും ഇപ്പോൾ  കൈവരിച്ച നേട്ടത്തിലൂടെ  വഴി തെളിയുമെന്ന്  കരുതുന്നതായും ഈ ദൗത്യത്തിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നതായും  സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം  പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *