കോഴിക്കോട്: ട്രെയിനില്‍ വീണ്ടും ടി.ടി.ഇ.യ്ക്ക് നേരേ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരന്‍ ടി.ടി.ഇ.യെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ ബിജുകുമാര്‍ എന്നയാളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ ടി.ടി.ഇ. ഋഷി ശശീന്ദ്രനാഥ് ആശുപത്രിയില്‍ ചികിത്സതേടി. പുലര്‍ച്ചെ മൂന്നുമണിയോടെ ട്രെയിന്‍ വടകരയ്ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരന്‍ ടി.ടി.ഇ.യെ ആക്രമിച്ചത്. എസ്-10 കോച്ചിലായിരുന്നു സംഭവം. സ്ലീപ്പര്‍കോച്ചില്‍ മദ്യലഹരിയില്‍ യാത്രചെയ്തിരുന്ന ഇയാള്‍ ട്രെയിന്‍ കണ്ണൂര്‍ വിട്ടതുമുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായാണ് വിവരം.