വാഷിംഗ്ടണ്‍: താന്‍ വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഐക്കണിക് ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം പ്രതിപാദിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഫോക്സ് ബിസിനസ് ന്യൂസിന്റെ ലാറി കുഡ്ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യയുടെ നികുതി നിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്നും ട്രംപ് ആരോപിച്ചു.
യു.എസ് പ്രസിഡന്റായ തന്റെ ആദ്യ കാലയളവില്‍, ട്രംപ് ഇന്ത്യയെ താരിഫ് രാജാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തുടര്‍ന്ന് യു.എസിലേക്കുള്ള ഇന്ത്യയുടെ മുന്‍ഗണന പ്രവേശനം ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജി.എസ്.പി) അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യ അങ്ങനെയൊരു സവിശേഷ മുന്‍ഗണന യു.എസിന് നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു അത്. ഇന്ത്യയിലെ നികുതി നിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്ന് ഫോക്‌സ് ബിസിനസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു.
‘ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകള്‍ ഉണ്ട്. എന്നാല്‍ അവര്‍ നിര്‍മിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയില്‍ സുഖമായി വില്‍ക്കാം.
എന്നാല്‍ അമേരിക്കക്കാര്‍ ഒരു ഹാര്‍ലി നിര്‍മിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കില്‍ ഭീമന്‍ താരിഫും ചുമത്തും. ഞങ്ങള്‍ പോയി ഇന്ത്യയില്‍ ഒരു പ്ലാന്റ് നിര്‍മിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനു ശേഷം താരിഫ് ഉണ്ടാകില്ല’.-ട്രംപ് പറഞ്ഞു.