ഡല്‍ഹി: രാജ്യത്തെ സ്ത്രീ ശക്തിയെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മിസൈല്‍ മുതല്‍ സംഗീതം വരെയുള്ള വിവിധ മേഖലകളില്‍ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട് സ്ത്രീകള്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എഡബ്ല്യുഡബ്ല്യുഎ) നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എല്ലാ ധീരരായ സ്ത്രീകളോടും അവരുടെ സംഭാവനകള്‍ക്ക് ഞാന്‍ എന്റെ നന്ദി അറിയിക്കുകയും എഡബ്ല്യുഡബ്ല്യുഎയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നു’ രാഷ്ട്രപതി പറഞ്ഞു. ചടങ്ങിനിടെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു അദ്ധ്യാപകന്‍ കൂടിയായ സൈനികനെ വിവാഹം കഴിച്ച സംരംഭക, അവരുടെ ജീവിതത്തിലെ വേദനാജനകമായ അനുഭവകഥകള്‍ പങ്കുവച്ചു, അവര്‍ തങ്ങളുടെ നിശ്ചയദാര്‍ഢ്യവും സഹിഷ്ണുതയും കൊണ്ട് എങ്ങനെ പ്രതിബന്ധങ്ങളെ അതിജീവിച്ചുവെന്ന് ചടങ്ങില്‍ പറയുകയുണ്ടായി.
‘നമ്മള്‍ രണ്ട് സ്ത്രീകളുടെ വേദനാജനകമായ കഥകള്‍ കേട്ടു, ഇന്ന് നമ്മള്‍ പറയേണ്ടത്, ഉറച്ച തീരുമാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും രണ്ട് കഥകളെന്നാണ്’ രാഷ്ട്രപതി മുര്‍മു പറഞ്ഞു. അതുകൊണ്ടാണ് അതിനെ സ്ത്രീ ശക്തി എന്ന് വിളിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
വിജയിച്ച ഓരോ പുരുഷനും പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് ഒരു പഴഞ്ചൊല്ലുണ്ട്, എന്നാല്‍ ഇന്ന് അതിന് പകരം പറയേണ്ടത് ‘വിജയികളായ എല്ലാ പുരുഷന്മാര്‍ക്ക് ഒപ്പവും ഒരു സ്ത്രീയുണ്ട്’ എന്നാണ്, രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ രാഷ്ട്രപതി സ്ത്രീ ശക്തിയെ അഭിനന്ദിക്കുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ക്ക് അടിവരയിടുകയും ചെയ്തു.”മിസൈലുകള്‍ മുതല്‍ സംഗീതം വരെ, എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചും അതിജീവിച്ചും സ്ത്രീകള്‍ വലിയ ഉയരങ്ങള്‍ കീഴടക്കി” അവര്‍ പറഞ്ഞു.
എഡബ്ല്യുഡബ്ല്യുഎ പ്രസിഡന്റ് അര്‍ച്ചന പാണ്ഡെ, തന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് മുര്‍മുവിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുകയും സ്ത്രീ ശക്തിയുടെ ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ്, സ്ത്രീകളെ ശാക്തീകരിക്കുന്നതിനായും, സ്ത്രീകളില്‍ സ്വാശ്രയത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായും അസോസിയേഷന്‍ അംഗങ്ങള്‍ സ്ഥാപിച്ച വിവിധ സ്റ്റാളുകള്‍ രാഷ്ട്രപതി സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *