തിരുവനന്തപുരം: കെ.എന്‍.ബാലഗോപാല്‍ ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി വേറെ പണിക്കു പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശമ്പളവും പെന്‍ഷനും ഇതുവരെ കൊടുക്കാനായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്ര സര്‍ക്കാരിനു മേല്‍ പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് നികുതിവിഹിതം കുറച്ചെന്നു കാട്ടി കേന്ദ്ര ധനമന്ത്രിയെ കാണാന്‍ എല്‍ഡിഎഫ്‌യുഡിഎഫ് സംയുക്തകക്ഷി സംഘത്തിന് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
”കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ശമ്പളം, പെന്‍ഷന്‍ എന്നിവ കൊടുക്കാനായിട്ടില്ല. സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാരിന് ഓണം ഈ മാസം വരുമെന്ന് അറിയില്ലായിരുന്നോ? സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍വച്ച് രക്ഷപ്പെടാനാണ് ഭാവമെങ്കില്‍ എല്ലാവരും വിഡ്ഢികളല്ലെന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും.
”സംസ്ഥാന സര്‍ക്കാരാണ് ഓണം അവതാളത്തിലാക്കിയത്. ജനങ്ങളെ കഷ്ടപ്പെടുത്തിയത് നിങ്ങളാണ്. ഇന്ത്യയില്‍ ഫിനാന്‍സ് മാനേജ്‌മെന്റ് മോശമായി നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ലഭ്യമായ നികുതിവിഹിതവും ഗ്രാന്റും സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്നത് നെറികേടാണ്.’
’14 തവണയാണ് എന്നെ കള്ളക്കേസുകളില്‍ ചോദ്യം ചെയ്തത്. ശബ്ദപരിശോധനയും നിരവധി തവണ ചോദ്യം ചെയ്യലും നടത്തി. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ തട്ടിപ്പിനെ സംബന്ധിച്ച് ഒരു തവണയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചോ? വി.ഡി.സതീശന്റെ പുനര്‍ജനി തട്ടിപ്പുകേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ? ചോദ്യം ചെയ്തിട്ടുണ്ടോ? പിണറായി വിജയന്റെ എല്ലാ അനുകൂല്യങ്ങളും സതീശനാണ് ലഭിച്ചിട്ടുള്ളത്. പിണറായി വിജയന്‍ പറയുന്നതിന് അപ്പുറം നീങ്ങാനുള്ള ധൈര്യം സതീശന് ഇല്ല. സതീശന്, പിണറായി വിജയന്‍ പരിരക്ഷ നല്‍കുകയാണ്.’
നമ്മുടെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാന്‍ മുഖ്യമന്ത്രി വളരെ ആസൂത്രിതമായി കേന്ദ്രനിയമങ്ങള്‍ മറികടന്ന് കരിമണല്‍ ഖനന കമ്പനികളെ സഹായിക്കാന്‍ ശ്രമിച്ചത് ചെറിയ കാര്യമല്ല. ഈ മാസപ്പടിയെല്ലാം മുഖ്യമന്ത്രിക്കും മകള്‍ക്കും യുഡിഎഫ് ഉന്നത നേതാക്കള്‍ക്കും കമ്പനി കൊടുത്തത് വെറുതെയല്ലെന്ന് തെളിഞ്ഞിരിക്കുന്നു ഗോവിന്ദന്‍ വന്ന് രണ്ട് കമ്പനികള്‍ തമ്മില്‍ കരാറുണ്ടെന്നാണ് വിശദീകരിക്കുന്നത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് എന്തിന് പണം നിക്ഷേപിക്കണം.
കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചാല്‍ പോരേ? ഈ സംഭവത്തില്‍ ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് മുഖ്യമന്ത്രി നേതൃത്വം നല്‍കി. പിണറായി വിജയന്‍, മുഖ്യമന്ത്രി ആകുന്നതിനു മുന്‍പും പണം പിരിച്ചതായി ശക്തിധരന്റെ വെളിപ്പെടുത്തതിലൂടെ തെളിഞ്ഞിട്ടുണ്ട്. പിണറായി വിജയനു മാത്രം എന്തിനാണ് അങ്ങോട്ടു പോയി പണം നല്‍കുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര എജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും” സുരേന്ദ്രന്‍ വ്യക്തമാക്കി.