കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയില്‍ സീറോ മലബാര്‍ സഭാ സിനഡും മാര്‍പാപ്പയും നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കാനുള്ള പേപ്പല്‍ പ്രതിനിധിയുടെ അന്ത്യശാസന കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ഞായറാഴ്ച നിര്‍ണായകം.
ആഗസ്റ്റ് 20 ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളു എന്ന മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്‍റെ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്.
അതിരൂപതയില്‍ മുഴുവന്‍ ദേവാലയങ്ങളിലും ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന മാത്രമായിരിക്കണം അര്‍പ്പിക്കുകയെന്ന് ഉറപ്പിക്കാനുള്ള ഉത്തരവാദിത്വം വികാരിമാര്‍ക്കായിരിക്കും. വിശ്വാസികളുടെയോ മറ്റേതെങ്കിലും ഭാഗത്തുനിന്നോ സിനഡ് കുര്‍ബാന അര്‍പ്പണത്തിന് എതിര്‍പ്പുകളുണ്ടെങ്കില്‍ പഴയ ജനാഭിമുഖ കുര്‍ബാന ചൊല്ലാന്‍ പാടില്ലെന്നും ബലി അര്‍പ്പണം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.
പേപ്പല്‍ പ്രതിനിധിയുടെ ഉത്തരവ് കര്‍ശനമാണെന്നതിനാല്‍ മുന്‍കാലങ്ങളിലേതുപോലെ എറണാകുളത്തെ വിമത വൈദികര്‍ക്ക് അത് അനുസരിക്കാതിരിക്കുക പ്രയാസമായിരിക്കും.
ലംഘനം കണ്ടെത്തിയാല്‍ പുരോഹിതര്‍ക്കെതിരെ കുര്‍ബാന വിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഒട്ടും താമസിക്കാതെ സ്വീകരിക്കാനാണ് വത്തിക്കാന്‍റെ നിര്‍ദേശം. അത്തരം നടപടികള്‍ക്കുള്ള പൂര്‍ണ അധികാരങ്ങളോടെയാണ് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസലിന്‍റെ നിയമനവും. അതെ തുടര്‍ന്നുണ്ടാകുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി മുഖേന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും സഭ തേടിയിട്ടുണ്ട്.
എറണാകുളം വിമത വൈദികര്‍ അടുത്തിടെ സ്വീകരിച്ച പല നടപടികളോടും അതിരൂപതയിലെ വിശ്വാസി സമൂഹത്തിനും വിയോജിപ്പുണ്ട്. തിരുവസ്ത്രങ്ങളണിഞ്ഞ് വൈദികര്‍ അള്‍ത്താരയില്‍ കയറി മുദ്രാവാക്യങ്ങള്‍ വിളിക്കുക, സഭാ വിരുദ്ധ കവിതകള്‍ പാടുക തുടങ്ങി ആത്മീയതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ബസ്ലിക്കാ പള്ളിയില്‍ ഉള്‍പ്പെടെ അരങ്ങേറിയിരുന്നു.
പേപ്പല്‍ പ്രതിനിധിയുടെ ബസ്ലിക്കാ ദേവാലയ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അക്രമം അഴിച്ചുവിട്ടതില്‍ ക്രൈസ്തവ സഭകള്‍ക്ക് പുറത്തുള്ള ചില ബാഹ്യ കേന്ദ്രങ്ങളുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ചില സാമൂഹ്യ വിരുദ്ധര്‍ സഭാവിമത നീക്കങ്ങളുടെ മറവില്‍ സഭയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സഭാ കേന്ദ്രങ്ങളുടെ ആരോപണം.
നാളെ മുതല്‍ അതിരൂപതയില്‍ സിനഡ് കുര്‍ബാന നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ശനിയാഴ്ച സെന്‍റ് മേരീസ് ബസ്ലിക്ക ദേവാലയത്തിന്‍റെ വികാരിയായി അതിരൂപതാംഗവും വിമതര്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളയാളുമായ ഫാ. ആന്‍റണി പുതവേലില്‍ ചുമതലയേറ്റു.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനീയ ദേവാലയംകൂടിയായ ഇവിടെ ഇനി സഭാ വിരുദ്ധ നടപടികള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളുടെ കൂടി ഭാഗമാണ് നടപടി. ബസ്ലിക്കാ പള്ളി ഉള്‍പ്പെടെ അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും ബഹുഭൂരിപക്ഷം വശ്വാസികളുടെയം പിന്തുണ മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമാണ്.
വിമത വിഭാഗത്തിന് വിശ്വാസികള്‍ക്കിടയില്‍ പിന്തുണയില്ല. വിമതര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന വൈദികരുടെ എണ്ണവും നൂറില്‍ താഴെയാണ്. മാത്രമല്ല, വൈദികര്‍ക്കെതിരെ നടപടി ഉണ്ടാകുന്ന ഘട്ടം ഉണ്ടായാല്‍ 30 വൈദികര്‍ പോലും വിമതപക്ഷത്ത് ഉറച്ചു നില്‍ക്കാനില്ലെന്നാണ് സൂചന.