കോട്ടയം: പുതുപ്പള്ളിയില്‍ പ്രചരണത്തിന് ഒരു മുഴം മുന്‍പെ സഞ്ചരിച്ച് യുഡിഎഫ്. നിയോജക മണ്ഡലത്തില്‍ ഒരു വട്ടം ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കാനായത് പുതുപ്പള്ളിയെ സംബന്ധിച്ച് ചരിത്രത്തിലാദ്യമാണ്.
ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്ന കാലങ്ങളിലൊക്കെ പ്രചരണത്തിന് സ്ഥാനാര്‍ഥി മണ്ഡലത്തിലെത്തുക ആകെ നാലോ അഞ്ചോ ദിവസങ്ങളില്‍ മാത്രമായിരുന്നു. മണ്ഡലം തലത്തില്‍ പ്രചരണയോഗങ്ങളൊക്കെ നടത്തി ഒരു വട്ടം ഭവന സന്ദര്‍ശനം കൂടി നടത്തിയാല്‍ പ്രചരണം അവസാനിച്ചു.

കാരണം അഞ്ച് വര്‍ഷത്തിനിടയില്‍ മണ്ഡലത്തിലെ ഒട്ടുമിക്ക വീടുകളിലും എന്തെങ്കിലും ഒരു കാര്യത്തിന് ഉമ്മന്‍ ചാണ്ടി എത്തിയിരിക്കും. അവര്‍ക്കിടയിലേയ്ക്ക് പിന്നെ വോട്ട് ചോദിക്കാനായി ഉമ്മന്‍ ചാണ്ടി ചെല്ലേണ്ടതില്ല. വോട്ടെടുപ്പിന് അവര്‍ ഉമ്മന്‍ ചാണ്ടിയെ മറക്കില്ല. അത് ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ആത്മബന്ധമാണ്. 
പഴുതടച്ച് തന്ത്രങ്ങള്‍

പക്ഷേ ചാണ്ടി ഉമ്മന്‍ ആദ്യമായി ജനവധി തേടുമ്പോള്‍ ഒരുക്കങ്ങള്‍ പഴുതടച്ചതാണ്. കാരണം എല്ലാ തന്ത്രങ്ങളുമായി ഇടതു മുന്നണിയും സ്ഥാനാര്‍ഥി ജെയ്ക് സി തോമസും എതിരിടാന്‍ രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തുകയാണ്.
ചാണ്ടി ഉമ്മന്‍റെ പ്രചരണത്തിന്‍റെ ചുക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് വിദഗ്ദ്ധരില്‍ പ്രമുഖ സ്ഥാനീയനാണ് വിഡി. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പുതുപ്പള്ളിയില്‍ രംഗം കൊഴുപ്പിച്ചത് സതീശനെത്തിയാണ്.
ഉറക്കം ഉണരുന്നത് വിഡിയുടെ കോള്‍ കേട്ട് !

ആദ്യ ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ മുഴുവന്‍ മണ്ഡലം പ്രസിഡന്‍റുമാര്‍ക്കും പ്രതിപക്ഷ നേതാവിന്‍റെ ഫോണ്‍ കോളെത്തി. അന്നത്തെ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍പ്പിക്കാനും ചമതലകള്‍ ഏല്പിക്കാനുമായിരുന്നു കോള്‍. അതോടെ മണ്ഡലം പ്രസിഡ‍ന്‍റുമാരും നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി.
തീര്‍ന്നില്ല, രാവിലെ 6 മണിക്ക് വിളിച്ച പ്രതിപക്ഷ നേതാവ് രാവിലെ 10 മണിയാകുമ്പോള്‍ വീണ്ടും വിളിക്കും; പണി തുടങ്ങിയോന്നറിയാന്‍.
ഷോ കാണാനും കാണിക്കാനും പുതുപ്പള്ളിയിലേയ്ക്കില്ല പ്രവേശനം !

മണ്ഡലം ഭാരവാഹികള്‍, മണ്ഡലത്തിലെ ചമുതലയുള്ള നേതാക്കള്‍, ഘടകകക്ഷി പ്രതിനിധികള്‍, എംഎല്‍എമാര്‍ തുടങ്ങി പ്രചരണത്തില്‍ ഭാഗഭാക്കായ നേതാക്കളൊക്കെ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാനും സംവിധാനമുണ്ട്.
ആരൊക്കെ പ്രവര്‍ത്തിക്കുന്നു, ആരൊക്കെ മണ്ഡലത്തില്‍ ചുറ്റിക്കറങ്ങി നടന്നു സമയം കളയുന്നു എന്നറിയാന്‍ പാര്‍ട്ടി സംവിധാനം ഒരുക്കിയിട്ടുണ്ട്.
വെറുതെ ഓളം വയ്ക്കാനും നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മാത്രമായി ആരും പുതുപ്പള്ളിയിലേയ്ക്ക് പോരേണ്ടതില്ല എന്നു തന്നെ വ്യക്തമായ നിര്‍ദേശമാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.
അതോടെ പുതുപ്പള്ളിയിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. തിങ്കളാഴ്ച നടന്ന നിയോജക മണ്ഡലം കണ്‍വന്‍ഷന് ഇതുവരെ പുതുപ്പള്ളി കാണാത്ത ആവേശമായിരുന്നു. ചൊവ്വാഴ്ച നടന്ന മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിലും വന്‍ പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പിക്കാനായി.

By admin

Leave a Reply

Your email address will not be published. Required fields are marked *