കോഴിക്കോട്: ശസ്ത്രക്രിയയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പോലീസ് അപ്പീല്‍ നല്‍കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന പോലീസ് കണ്ടെത്തല്‍ തള്ളുന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്.
തെളിവ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഇതിനെതിരെയാണ് പോലീസ് അപ്പീല്‍ നല്‍കുക. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് ചെയര്‍മാനായ സംസ്ഥാന അപ്പലേറ്റ് അതോറിറ്റിക്കാണ് അപ്പീല്‍ നല്‍കുന്നത്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പേ കൊല്ലത്ത് നടത്തിയ എംആര്‍ഐ സ്കാനിങ്ങില്‍ യുവതിയുടെ ശരീരത്ത് ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
ഇതടിസ്ഥാനപ്പെടുത്തി മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക വയറ്റില്‍ അകപ്പെട്ടതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. എന്നാല്‍, ലോഹ സാന്നിധ്യമുണ്ടെങ്കില്‍ അതു സ്കാനിങ്ങില്‍ കാണണമെന്നില്ലെന്നും ഇതൊരു തെളിവായി എടുക്കാനാകില്ലെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.