കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിച്ച് ജെയ്ക് സി.തോമസ്. വ്യക്തിപരമായ വിലയിരുത്തലുകള്‍ക്കോ വിശകലനങ്ങള്‍ക്കോ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ഥാനമില്ലമെന്ന് ജെയ്ക് വ്യക്തമാക്കി. വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമായിട്ടല്ല തിരഞ്ഞെടുപ്പിനെ സിപിഎം കാണുന്നത്. സവിശേഷകരമായി ഉയര്‍ത്തിപ്പിടിക്കുന്ന ആശയധാരകളാണ് ഏറ്റുമുട്ടുന്നത്. അതില്‍ ജനങ്ങള്‍ക്ക് ഹിതകരമായത് തിരഞ്ഞെടുക്കും.
പുതുപ്പള്ളിയില്‍ ആലങ്കാരികമായി മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങളല്ല. 2016നു ശേഷം ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ടായ രാഷ്ട്രീയ മുന്നേറ്റം പഞ്ചായത്ത് വാര്‍ഡ് മുതല്‍ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങി നിയമസഭ വരെയുള്ള കണക്കുകളില്‍ പ്രകടമാണ്. കണക്കുകള്‍ നിങ്ങളോടു കഥ പറയുമെന്ന് ജെയ്ക് പറഞ്ഞു.
”ഇപ്പോള്‍ ഉയര്‍ന്നുവന്ന സവിശേഷകരമായ പൊതുബോധ നിര്‍മിതിയുണ്ട്. പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂ. അതു കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പുണ്യാളനേയുള്ളൂ. അതു വിശുദ്ധ ഗീവര്‍ഗീസ് സഹദായാണ്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ അവര്‍ പറയട്ടെ, ഗിവര്‍ഗീസ് സഹദാ അല്ല പുതുപ്പള്ളിയിലെ പുണ്യാളന്‍, മറ്റൊരാളാണ് എന്നുണ്ടോ, പറയട്ടെ” ജെയ്ക് കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് ജില്ലാ കമ്മിറ്റിക്കു ശേഷം ഉണ്ടാകുമെന്നു മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.