ന്യൂദൽഹി- ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയിൽ രാജ്യത്തെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വിവാദമായിരിക്കെ, ഇതുസംബന്ധിച്ച് 2012-ൽ അന്നത്തെ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അയച്ച കത്തു പുറത്തുവിട്ട് കോൺഗ്രസ്. ഇത്തരം നിയമനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വിപുലമായ കൊളീജിയം രൂപീകരിക്കണമെന്നായിരുന്നു അദ്വാനിയുടെ നിർദ്ദേശം.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ ഇന്നലെ രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലിലുള്ളത്.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാണ് സമിതിയെന്ന സുപ്രീം കോടതിയുടെ മാർച്ചിലെ വിധിയിൽ നിന്ന് തികച്ചും വിരുദ്ധമായ നിർദ്ദേശമാണ് കേന്ദ്രം നടപ്പാക്കുന്നത്. ഭരണഘടനാപരമായ സ്ഥാപനമെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ സ്വാതന്ത്ര്യം അനുവദിക്കുന്നതിന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും ഓഫീസും എക്സിക്യൂട്ടീവിന്റെ ഇടപെടലിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു അദ്വാനിയുടെ കത്തിലുണ്ടായിരുന്നത്.
“There is a rapidly growing opinion in the country which holds that appointments to Constitutional bodies such the Election Commission should be done on a bipartisan basis in order to remove any impression of bias or lack of transparency and fairness.”No, this isn’t a Modi… pic.twitter.com/NDXAHLQ6DZ
— Jairam Ramesh (@Jairam_Ramesh) August 11, 2023
മോഡി സർക്കാർ കൊണ്ടുവന്ന സിഇസി ബിൽ അദ്വാനി നിർദ്ദേശിച്ചതിന് എതിരാണെന്ന് മാത്രമല്ല, 2023 മാർച്ചിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ നിഷ്പ്രഭമാക്കുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ 2024 ഫെബ്രുവരി 14-ന് 65 വയസ്സ് തികയുമ്പോൾ വിരമിക്കും. ഇതോടെ അടുത്ത വർഷം പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കേണ്ടി വരും. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ബി.ജെ.പിക്ക് അവരുടെ ഇഷ്ടത്തിന് നിയോഗിക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്.
2023 August 11IndiaLK AdwaniBJPcongressjayaram rameshtitle_en: A 2012 Letter By LK Advani Surfaces Amid Row Over Bill On Poll Appointments