അട്ടപ്പാടി കാണാൻ വരുന്നവരെല്ലാം എന്നെയും തേടി വരുന്നു.പതിമൂന്നാം വയസ്സു മുതൽ പാടി നടന്നിട്ടും ആടുമേച്ചു കഴിഞ്ഞിട്ടും ആരുമറിയാതിരുന്ന എന്നെ അറിയപ്പെട്ടവൾ ആക്കിയത് സച്ചി സാർ ആണ്.എത്ര പുരസ്കാരം കിട്ടിയാലും എനിക്ക് വലുത് എന്റെ ആടും പശുവും കൃഷിയുമാണ്,അതിലാണ് എന്റെ സംതൃപ്തി,ഇതൊന്നും ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും ഒരുക്കമല്ല,നഞ്ചിയമ്മ പറയുന്നു.
അയ്യപ്പനും കോശി എന്ന ചിത്രത്തിലെ കലക്കാത്ത..എന്ന ഗാനത്തിലൂടെ ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മക്ക് ഒരു മാറ്റവുമില്ല.ദേശീയ പുരസ്കാരം കിട്ടി,പല രാജ്യങ്ങളിൽ സ്വീകരണത്തിനായി പോയപ്പോൾ നെഞ്ചിയമ്മ ആകെ മാറും എന്നാണ് കരുതിയത്,എന്നാൽ നെഞ്ചിയമ്മ ഇപ്പോഴും പഴയതുപോലെ തന്നെയല്ലേ എന്ന ചോദ്യത്തിനു മറുപടിയായാണ് അട്ടപ്പാടി നക്കുപ്പതിയിലെ വീട്ടിൽ കൃഷിപ്പണിയുമായി കഴിയുന്ന ആദിവാസി കലാകാരി ഇങ്ങനെ പ്രതികരിച്ചത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് ലഭിച്ചത്. സച്ചിയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ കലക്കാത്ത എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു.ആ ഗാനമാണ് നെഞ്ചിയമ്മ സ്വപ്നം പോലും കാണാത്ത ഇടങ്ങളിലും ആദരങ്ങളിലും എത്തിച്ചത്.
ദേശീയ അവാർഡ് ഏറെ സന്തോഷമുണ്ടാക്കി.മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്.നിങ്ങളെല്ലാവരും എന്റെ മനസ്സിലും.അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു.പല രാജ്യങ്ങളിൽ പോകുമ്പോൾ,മലയാളികളുടെ സ്നേഹം കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം.നഞ്ചിയമ്മ പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി ഊരിൽ നിന്നും അറുപത്തിരണ്ടാം വയസ്സിൽ നഞ്ചിയമ്മ ഡൽഹിലേക്ക് പോയി. രാഷ്ട്രപതി ദ്രൗപതി മുറുമുവിൽ നിന്നും അവാർഡ് സ്വീകരിക്കാൻ.ആ പുരസ്കാര ചിത്രത്തിന്റെ ഫ്ലെക്സ് നെഞ്ചിയമ്മയുടെ വീട്ടിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരിക്കുന്നു.ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ അത് മറ്റൊരു നാഴികക്കല്ലായി മാറി.
അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമായിരുന്ന നഞ്ചിയമ്മ,സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദി നായഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ പാടി അഭിനയിച്ചാണ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്.അയ്യപ്പനും കോശിയ്ക്കും വേണ്ടി ടൈറ്റിൽ ഗാനം പാടാനായി സച്ചി നഞ്ചിയമ്മയെ കണ്ടെത്തിയതോടെ,നഞ്ചിയമ്മയുടെ ഗോത്രതാളം കേരളക്കര ഏറ്റെടുത്തു. ഇപ്പോൾ ലോക മലയാളികളുടെ സ്വീകരണ വേദികളിൽ പലയിടത്തായി എത്താൻ കഴിഞ്ഞത് ഒരു സ്വപ്നം പോലെ തോന്നുന്നതായി നക്കുപ്പതി വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയ സാമൂഹ്യപ്രവർത്തകരായ മാണിയച്ചൻ,ശ്രീധരൻ അട്ടപ്പാടി,മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് എന്നിവരോട് പറഞ്ഞു.