തിരുവനന്തപുരം: താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ചകേസ് സിബിഐക്ക് വിട്ടതായും മജിസ്‌ട്രേറ്റ് അന്വേഷണത്തിനു തീരുമാനമെടുത്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. എന്‍.ഷംസുദ്ദീന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഓഗസ്റ്റ് ഒന്നിന് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കല്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി. താമിര്‍ ജഫ്രി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 8 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിയിലെടുത്ത സമയവും അതിനിടയായ സാഹചര്യവും പൊലീസ് നടപടികളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരും. പൊലീസ് കസ്റ്റഡിയിലും ലോക്കപ്പിലും ആളുകള്‍ മരിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത്തരം കേസുകളുടെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഈ കേസിന്റെ കാര്യത്തിലും അത്തരമൊരു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചുവെന്ന് ഉറപ്പാക്കും.
ഒരു കാരണവശാലും പൊലീസ് സ്റ്റേഷനുകളിലോ ലോക്കപ്പിലോ ആളുകള്‍ക്കെതിരായി ബലപ്രയോഗവും മര്‍ദ്ദന രീതികളും നടത്തുവാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും ഇതിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ മലപ്പുറം എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നു അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കികൊണ്ട് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.
കസ്റ്റഡി മരണമാണ് നടന്നത്. പൊലീസ് താമസസ്ഥലത്തുനിന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. പൊലീസ് പറയുന്നതുപോലെ രാത്രിയില്‍ റോഡരികില്‍നിന്നു പിടിച്ചതല്ല. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍വച്ചാണ് ക്രൂരമായി മര്‍ദിച്ചത്. ക്വാര്‍ട്ടേഴ്‌സിലെ കട്ടിലില്‍ രക്തക്കറകളുണ്ടായിരുന്നു. 21 മുറിവുകളാണ് യുവാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
പൊലീസ് എന്‍കൗണ്ടര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മാവോയിസ്റ്റ് ആക്രമണം ഇല്ലാത്ത സംസ്ഥാനമായിട്ടും ഇവിടെ മാവോയിസ്റ്റ് വേട്ട നടന്നു. അതിക്രൂരമായ കസ്റ്റഡി മരണമാണ് മലപ്പുറത്ത് ഉണ്ടായതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.