ഹോണ്ട ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. ഹോണ്ട SP160 എന്ന ബൈക്കാണ് കമ്പനി ലോഞ്ച് ചെയ്തത്. ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ പുതിയ ബൈക്കിന് 1.18 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഏറ്റവും പുതിയ SP160 മോട്ടോർസൈക്കിളിന് രണ്ട് ബ്രേക്ക് ഓപ്ഷനുകളിൽ ലഭ്യമാകും. ബൈക്കിന്റെ സിംഗിൾ ഡിസ്ക് വേരിയന്റിന് 1.18 ലക്ഷം രൂപയും ഡ്യുവൽ ഡിസ്ക് വേരിയന്റിന് 1.22 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
പുതിയ ഹോണ്ട SP160 മോട്ടോർസൈക്കിളിന് 10 വർഷത്തെ വാറന്റി പാക്കേജും കമ്പനി നൽകുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറന്റിയും ഉൾപ്പെടുന്നു. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് ഡാർക്ക് ബ്ലൂ മെറ്റാലിക്, പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് ഹോണ്ട SP160 ബൈക്ക് ലഭ്യമാകുന്നത്. മികച്ച സവിശേഷതകളുമായിട്ടാണ് ഹോണ്ട SP160 വരുന്നത്.
ഹോണ്ട SP160 മോട്ടോർസൈക്കിളിന് സ്പോർട്ടിയായ ഡിസൈനാണുള്ളത്. ബോൾഡ് ടാങ്ക് ഡിസൈനും എയറോഡൈനാമിക് അണ്ടർ കൌളും ഈ വാഹനത്തിലുണ്ട്. എൽഇഡി ഹെഡ്ലാമ്പും ടെയിൽ ലാമ്പുമാണ് ബൈക്കിലുള്ളത്. 130 എംഎം വീതിയുള്ള പിൻ ടയറും സ്പോർട്ടി മഫ്ളറും ഹോണ്ട SP160 ബൈക്കിലുണ്ട്. സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ്, മൈലേജ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കാണിക്കുന്ന എൽസിഡി ഡിസ്പ്ലേയാണ് ഹോണ്ട SP160 ബൈക്കിലുള്ളത്.
ഒബിഡി2 കംപ്ലയന്റ് 162 സിസി പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ (പിജിഎം-എഫ്ഐ) എഞ്ചിനാണ് പുതിയ ഹോണ്ട SP160 മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത്. 13.5 എച്ച്പി പവറും 14.6 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. ഈ എഞ്ചിനിലെ സോളിനോയിഡ് വാൽവ് എഞ്ചിൻ സ്റ്റാർട്ടിന്റെയും വാംഅപ്പ് ആകുന്ന സമയത്തും ഒരു ഓട്ടോമാറ്റിക് ചോക്ക് മെക്കാനിസമായി പ്രവർത്തിക്കുന്നു. ഇഗ്നഷൻ സമയത്തും എഞ്ചിൻ ചൂടാകുമ്പോഴും ഇത് എഞ്ചിന് അധിക എയറും നൽകുന്നു.
പുതിയ ഹോണ്ട SP160 മോട്ടോർസൈക്കിൾ സിഗ്നലുകളിലും മറ്റും കുറച്ച് നേരത്തേക്ക് നിർത്തുമ്പോൾ ഒരു ബട്ടൺ അമർത്തി എഞ്ചിൻ ഓഫ് ചെയ്യാനുള്ള സൗകര്യത്തിനായി എഞ്ചിൻ സ്റ്റോപ്പ് സ്വിച്ചും ഈ ബൈക്കിൽ കമ്പനി നൽകിയിട്ടുണ്ട്. ബൈക്കിൽ ഒരു ഹസാർഡ് സ്വിച്ചുമുണ്ട്. ഇത് എമർജൻസി സ്റ്റോപ്പുകളിൽ ഇൻഡിക്കേറ്റർ മിന്നാൻ സഹായിക്കുന്നു. ഹോണ്ട SP160 മോട്ടോർസൈക്കിളിന് 10:1 എന്ന ഉയർന്ന കംപ്രഷൻ റേഷിയോവുണ്ട്. മികച്ച മൈലേജ് നൽകാൻ ഈ ബൈക്ക് സഹായിക്കുന്നു.