തിരുവനന്തപുരം: താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി നോക്കാന്‍ വേണ്ടി കൗണ്ടിങ് മെഷീന്‍ വാങ്ങേണ്ട സ്ഥിതിയാണ് കേരളത്തിലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
”മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാല്‍ ഇതുപോലെ സദ്ഭരണം നടക്കുന്ന സംസ്ഥാനം മറ്റെവിടെയുമില്ലെന്നു തോന്നും. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആളുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കസ്റ്റഡി മരണം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി നോക്കാന്‍ വേണ്ടി കൗണ്ടിങ് മെഷീന്‍ വാങ്ങേണ്ട സ്ഥിതിയാണ് കേരളത്തില്‍. ഏതു സംഭവം ഉണ്ടായാലും ഒറ്റപ്പെട്ട സംഭവമെന്നു പറയും.
ലഹരിമരുന്ന് കേസിലുള്‍പ്പെടെ എത്രയോ കേസുകളിലാണു പൊലീസ് ക്രൂരമായി ഓരോന്ന് ചെയ്യുന്നത്. ഈ കേസില്‍ യഥാര്‍ഥത്തില്‍ എപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 4.25നാണ് ആളു മരിക്കുന്നത്. അയാളെ ഏഴുമണിയോടെ പ്രതിയാക്കി കേസെടുക്കുന്നു. താമിര്‍ ജിഫ്രി മരിച്ച് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് അയാളെ ഒന്നാം പ്രതിയാക്കി ലഹരിക്കടത്തുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത്.
ലഹരി കേരളത്തിലേക്കു കൊണ്ടുവരുന്ന ആളുകളെ കുറിച്ച് അന്വേഷിക്കുന്നില്ല. ലഹരി ഉപയോഗിക്കുന്ന ആളുകളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാനാണോ നോക്കുന്നത്. അങ്ങനെയാണെങ്കില്‍ ആയിരക്കണക്കിന് ആളുകളെ അങ്ങനെ ചെയ്യേണ്ടി വരും. കാരണം അത്രത്തോളം ലഹരിമരുന്ന് കേരളത്തില്‍ വ്യാപകമാവുകയാണ്. ലഹരിയുടെ ഉപയോഗം കൊണ്ടുതന്നെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. അതിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല.
ലഹരി ഉപയോഗിച്ചു എന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരനെ കൊണ്ടുപോയി എത്രമാത്രം ക്രൂരമായാണു മര്‍ദിച്ചത്. കേട്ടുകേള്‍വി പോലും ഇല്ലാത്ത കസ്റ്റഡി മര്‍ദനങ്ങളല്ലേ ഇപ്പോള്‍ നടക്കുന്നത്. എന്നിട്ടാണോ നിങ്ങള്‍ നിങ്ങടെ പൊലീസിനെ പറയുന്നത്? എസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ‘ടോര്‍ച്ചര്‍ സ്‌ക്വാഡ്’ ആണോ. ഇനിയിപ്പോ ആരോഗ്യവകുപ്പ് ‘ടോര്‍ച്ചര്‍ മെഡിസിന്റെ’ വകുപ്പു കൂടി കേരളത്തില്‍ ആരംഭിക്കേണ്ടി വരും.
മേലുദ്യോഗസ്ഥര്‍ പറഞ്ഞാല്‍ താഴെയുള്ളവര്‍ അനുസരിക്കുന്ന രീതിയൊക്കെ ഇവിടെ മാറി. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി പറയണം അനുസരിക്കണമെങ്കില്‍. എസ്എച്ച്ഒ കേള്‍ക്കണമെങ്കില്‍ ഏരിയാ സെക്രട്ടറി പറയണം. ഇത് രാഷ്ട്രീയവത്കരിച്ച് വഷളാക്കി. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസെന്ന് ഒരുകാലത്ത് അഭിമാനത്തോടെ പറഞ്ഞിരുന്ന പൊലീസിനെ ഈ ഭരണകാലത്ത് പരിതാപകരമായ പരിഹാസകരമായ ഒന്നാക്കി മാറ്റി. അതിന്റെയെല്ലാം ഉല്‍പന്നമാണ് ഈ ചെറുപ്പക്കാരന്റെ കസ്റ്റഡി മരണം” സതീശന്‍ പറഞ്ഞു.