ഉയരത്തിലേയ്ക്കു നീണ്ടു വളരുന്ന വാഴയില വൈദ്യുതി കമ്പിയില്‍ ഉരസിയാലുടന്‍ വാഴ അപ്പാടേ വെട്ടുക എന്നതാണോ പരിഹാരം ? അതും കുലച്ച് വിളവെടുപ്പിനു പരുവമായ ഒരു വാഴത്തോട്ടത്തിലെ വാഴകള്‍ അപ്പാടേ വെട്ടി നശിപ്പിച്ച് ? കോതമംഗലത്തിനടുത്ത് വാരപ്പെട്ടി ഇളങ്ങവം കാവുംപുറത്ത് തോമസും മകന്‍ അനീഷും ചേര്‍ന്നു കഷ്ടപ്പെട്ടു വളര്‍ത്തിയ 700-ലേറെ വാഴകളാണ് വിദ്യുഛക്തി ബോര്‍ഡ് ജീവനക്കാര്‍ വെട്ടിനിരത്തിയത്.
വാഴകൃഷി നടത്തിയ തോമസിന് മാനുഷിക പരിഗണനയില്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് മികച്ച ഒരു കര്‍ഷകന്‍ കൂടിയായ വിദ്യുഛക്തി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരിക്കുന്നത്. ഉയരത്തിലേയ്ക്കു വളര്‍ന്ന വാഴയില വൈദ്യുതി ലൈനില്‍ മുട്ടുന്നത് അപകടകരമാണെന്നും ഇത്തരം ഇലകള്‍ വെട്ടിമാറ്റണമെന്നും കര്‍ഷകനെ അറിയിക്കാതിരുന്ന വിദ്യുഛക്തി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നടപടിയെ കുറ്റപ്പെടുത്താന്‍ മന്ത്രി തയ്യാറായതുമില്ല.
പ്രകൃതിയെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിച്ചാണ് ഓരോ കര്‍ഷകനും കൃഷിയിറക്കുന്നതും ഏറെ അദ്ധ്വാനിച്ച ശേഷം വിളവെടുപ്പു നടത്തുന്നതും. കാവുംപുറത്ത് തോമസും മകന്‍ അനീഷും ഏറെ കഷ്ടപ്പെട്ടുതന്നെയാണ് ഒരേക്കറോളം വരുന്ന കൃഷി ഭൂമിയില്‍ വാഴ നട്ടു വളര്‍ത്തിയത്.
കേരളത്തില്‍ വാഴകൃഷിക്കാര്‍ പൊതുവേ വാഴത്തൈ വയ്ക്കുന്നത് ഓണക്കാലം കണക്കു കൂട്ടിയാണ്. ഓണത്തിന് ഉപ്പേരിയും മറ്റു വിഭവങ്ങളും ഉണ്ടാക്കുക എന്നത് മലയാളിയുടെ സാധാരണ പതിവാണ്. അതുകൊണ്ടുതന്നെ ഓണക്കാലമടുക്കുമ്പോള്‍ നേന്ത്രക്കായ വില വളരെ കൂടും. ഓണ വിപണി ലക്ഷ്യം വെച്ച് വാഴകൃഷിക്കാര്‍ വാഴവിത്തു സംഭരിച്ച് നടുന്നത് ഒരു വര്‍ഷം മുമ്പ്.
തോമസിന്‍റെ വാഴ കുലച്ചു ഓണക്കാലത്തു വെട്ടി വില്‍ക്കത്തക്കവണ്ണം പാകമായിക്കൊണ്ടിരിക്കുകയായിരുന്നു. സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള കുലകളായിരുന്നു ഓരോന്നുമെന്ന് പത്രങ്ങളില്‍ വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മുമ്പൊക്കെ സാധാരണ നാടന്‍ ഏത്തക്കുലയ്ക്ക് പരമാവധി അഞ്ചു പടല കായ്കളാണുണ്ടായിരുന്നത്. പക്ഷെ തോമസിന്‍റെ വാഴക്കുലകള്‍ക്ക് അതില്‍ കൂടുതല്‍ വലിപ്പമുണ്ടായിരുന്നുവെന്നതാണു സത്യം.
പ്രത്യേകതരം വാഴകളായിരുന്നതിനാല്‍ വാഴയിലകള്‍ കൂടുതല്‍ ഉയരത്തിലേയ്ക്കു വളര്‍ന്നുവെന്നും അതുകൊണ്ടുതന്നെ വാഴയിലകള്‍ ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പോകുന്ന എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനുകളില്‍ ഉരസി അപകടമുണ്ടാകുന്ന തരത്തിലായിരുന്നുവെന്നും വിദ്യുഛക്തി ഉദ്യോഗസ്ഥര്‍ പറയുന്നു.
വാഴയില വൈദ്യുതി ലൈനില്‍ ഉരസിയാല്‍ അപകടമുണ്ടാകും. ഉയര്‍ന്ന വോള്‍ട്ടേജാണ് ലൈനുകളിലൂടെ പോകുന്നത്. താഴെ ആരെങ്കിലും നില്‍ക്കുന്ന സമയത്താണെങ്കില്‍ അവര്‍ക്കും ഷോക്ക് ഏല്‍ക്കും. ഷോര്‍ട്ട് ആവുകയും വൈദ്യുതിവിതരണം തടസപ്പെടുകയും ചെയ്യും.
ഇതൊക്കെ കേരളത്തിലെ നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കുമൊക്കെയും നന്നായി അറിയാം. ഇത്തരം ലൈനുകള്‍ക്കു താഴെ റബര്‍ പോലെയുള്ള വലിയ മരങ്ങള്‍ വളര്‍ത്താനാവില്ല. നെല്ല്, കപ്പ, വാഴ എന്നിങ്ങനെയുള്ള കൃഷികള്‍ സാദ്ധ്യമാണ്. പക്ഷെ തോമസിന്‍റെ കൃഷിയിടമുള്ള ഭാഗത്ത് ഹൈടെന്‍ഷന്‍ ലൈനുകള്‍ താഴേയ്ക്കു തൂങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഈ ലൈന്‍ സ്ഥാപിച്ചിട്ട് ഇടയ്ക്കിടെ താഴുന്ന ലൈനുകള്‍ വലിച്ച് ഉയര്‍ത്തി കെട്ടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മഴക്കാലം വരും മുമ്പേ നാട്ടിലെങ്ങും വൈദ്യുതി ലൈനുകളിലേയ്ക്കു ചരിഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിക്കളയുക അതതു പ്രാദേശിക വിദ്യുഛക്തി ഓഫീസുകളുടെ പതിവു ജോലിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മരങ്ങള്‍ വെട്ടിക്കളയുകയല്ല പതിവ്. ലൈനില്‍ മുട്ടി അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ചില്ലകള്‍ മാത്രമാണ് വെട്ടിക്കളയുക.
ഇവിടെ വാഴയില ലൈനില്‍ മുട്ടുന്നുവെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ വാഴകള്‍ അപ്പാടേ വെട്ടിക്കളയുകയായിരുന്നു. അതും ഉടമയ്ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ. ഒരു വാക്കും പറയാതെ. ഇത് കടുത്ത ക്രൂരതയായിപ്പോയി. വളരെ കഷ്ടപ്പെട്ടു കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരോട് വിദ്യഛക്തി ബോര്‍ഡ് കാണിച്ചത് വഴിവിട്ട നടപടിയായിപ്പോയി.
വാഴക്കുല വെട്ടി ഓണവിപണിയില്‍ വിറ്റ് അല്പം ലാഭം കിട്ടുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന തോമസിനോടും കുടുംബത്തോടും കാട്ടിയ കൊടും പാതകം തന്നെയാണിത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് തോമസ് പറയുന്നത്. തോമസിന്‍റെ വേദന നാടിന്‍റെ വേദനയായിരിക്കുന്നു. ഈ വേദന ഉള്‍ക്കൊണ്ടുതന്നെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഈ സംഭവത്തിനു വലിയ പ്രാധാന്യം നല്‍കിയത്.
മഴക്കാലത്ത് വലിയ കാറ്റിലും കൊടും മഴയിലും കൃഷിനാശം നേരിടുന്ന കൃഷിക്കാര്‍ക്ക് വിള ഇന്‍ഷുറന്‍സും സര്‍ക്കാര്‍ സഹായവുമൊക്കെ പതിവാണ്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസവുമാണ്.
വിദ്യുഛക്തി ഉദ്യോഗസ്ഥര്‍ തന്നെ വിള നശിപ്പിച്ചാല്‍ കര്‍ഷകനെ ആരു സഹായിക്കും ? ആര് ഇന്‍ഷുറന്‍സ് തുക നല്‍കും ?