കൂവപ്പടി ജി. ഹരികുമാർ
കുറുപ്പംപടി: ഓണവെയിലിന്റെ മനോഹാരിതയിൽ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ, കുറുപ്പംപടി രായമംഗലം ക്ഷേത്രവളപ്പിലേയ്ക്ക് കാഴ്ചക്കാരെ ആകർഷിയ്ക്കുകയാണ്. ക്ഷേത്രത്തിലെ ചെണ്ടുമല്ലിപ്പാടം പൂത്തിട്ട് ഒരാഴ്‌ചയിലേറെയായി. ക്ഷേത്രം ട്രസ്റ്റ് ഭരണസമിതിയുടെ മേൽനോട്ടത്തിലാണ് 1500 ചെണ്ടുമല്ലിത്തൈകൾ ജൂൺ മാസം ആദ്യവാരം നട്ടത്.
പൂക്കൾ വിരിഞ്ഞുതുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഓണത്തോടെ പൂർണ്ണതോതിൽ വിളവെടുപ്പിനു പാകമാകും. പണ്ട് നെൽപ്പാടമായിരുന്നു ക്ഷേത്രത്തിനു മുമ്പിലെ വിശാലമായ ഇപ്പോഴത്തെ ഉത്സവപ്പറമ്പ്. ഇവിടെയാണ് കൃഷിയിറക്കിയത്. ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യ നഴ്‌സറിയിൽ നിന്നും കൃഷിവകുപ്പിൽ നിന്നുമാണ് തൈകൾ ശേഖരിച്ചത്.
രണ്ടിടങ്ങളിൽ നിന്നും കൊണ്ടുവന്ന തൈകളിലുണ്ടായ പൂക്കൾക്ക് നിറവ്യത്യാസവുമുണ്ട്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞുനിൽക്കുന്നത്. ജൈവവളമാണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. രായമംഗലം കൃഷിഭവന്റെ സഹകരണം ലഭിയ്ക്കുന്നുണ്ടെന്ന് ദേവസ്വം സെക്രട്ടറി ശ്രീജിത്ത് പി. നായർ പറഞ്ഞു.
പൂപറിച്ചെടുത്ത് കഴിഞ്ഞാൽ തുടർകൃഷിയും ക്ഷേത്രംഭരണസമിതിയുടെ ആലോചനയിൽ ഉണ്ട്. പൂക്കൾ വിറ്റ് പണമുണ്ടാക്കുന്നതിനേക്കാളുപരിയായി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് മനസ്സിനു കുളിർമ്മയേകുന്ന കാഴ്ചയൊരുക്കുക എന്ന ലക്ഷ്യത്തിലാണ് പൂകൃഷി ക്ഷേത്രം ഭരണസമിതി നടപ്പിലാക്കിയത്.