ഇലക്ട്രിക്ക് കാറുകളാണ് ഭാവി എന്ന് പറയുമ്പോഴും ബാറ്ററി മാറ്റേണ്ടി വരുമ്പേോഴുള്ള ചിലവും മറ്റും ഇവികൾ വാങ്ങുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് ഹൈബ്രിഡ് കാറുകൾക്ക് പ്രസക്തി വരുന്നത്. പെട്രോൾ എഞ്ചിനും ഇലക്ട്രിക്ക് മോട്ടോറുമുള്ള ഇത്തരം കാറുകൾ മികച്ച മൈലേജ് നൽകുന്നു. ഇന്ത്യയിലെ വില കുറഞ്ഞ അഞ്ച് ഹൈബ്രിഡ് കാറുകൾ പരിചയപ്പെടാം.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈർഡർ നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഹൈബ്രിഡ് എസ്‌യുവിയാണ്. ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 16.46 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ്. കമ്പനി അവകാശപ്പെടുന്നത് അനുസരിച്ച് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഒരു ലിറ്റർ പെട്രോളിൽ 27.97 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുന്നു. 75 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 92 ബിഎച്ച്പി പവറും 122 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും വാഹനത്തിലുണ്ട്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമാണ്. രണ്ട് കമ്പനികളും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ റീബ്രാന്റ് ചെയ്ത് പുറത്തിറക്കിയ മോഡലാണ് ഇത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില 18.29 ലക്ഷം രൂപ മുതൽ 19.79 ലക്ഷം രൂപ വരെയാണ്. ഈ വാഹനവും ഒരു ലിറ്റർ പെട്രോളിൽ 27.97 കിലോമീറ്റർ മൈലേജ് നൽകുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിലുള്ള അതേ എഞ്ചിനും മോട്ടറുമാണ് ഈ വാഹനത്തിലുമുള്ളത്.
ഹോണ്ട സിറ്റി ഇ:എച്ച്ഇവി (ഹൈബ്രിഡ്) സെഡാൻ മോഡലിന്റെ എക്സ് ഷോറൂം വില 18.99 ലക്ഷത്തിനും 20.49 ലക്ഷത്തിനും ഇടയിലാണ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഹൈബ്രിഡ് സെഡാനാണിത്. ഈ വാഹനം ഒരു ലിറ്റർ പെട്രോളിൽ 27.13 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. വാഹനത്തിലെ ഡ്യൂവൽ മോട്ടോർ സിസ്റ്റവും അറ്റ്കിൻസൺ സൈക്കിളും ചേർന്ന് 126 ബിഎച്ച്പി പവറും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ADAS ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
മാരുതി സുസുക്കി ഇൻവിക്ടോ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. 24.79 ലക്ഷം രൂപ മുതൽ 28.42 ലക്ഷം രൂപ വരെയാണ് ഈ എംപിവിയുടെ എക്‌സ്‌ഷോറൂം വില. മാരുതി സുസുക്കി ഇൻവിക്റ്റോ ഹൈബ്രിഡ് ഒരു ലിറ്റർ പെട്രോളിൽ 23.24 കിലോമീറ്റർ മൈലേജ് നൽകുന്നു. സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിൽ മാത്രമാണ് ഈ വാഹനം ലഭ്യമാകുന്നത്. 2.0-ലിറ്റർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിലുള്ളത്.
രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് എത്തുന്നത്. ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റിന് 25.30 ലക്ഷം മുതൽ 30.26 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഈ മോഡലിന് ഒരു ലിറ്ററിൽ 23.24 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കും. വാഹനം ADAS ഉൾപ്പെടെയുള്ള സവിശേഷതകളുമായി വരുന്നു. ഇത്തരം സവിശേഷതകളാണ് മാരുതി സുസുക്കി ഇൻവിക്റ്റോയിൽ നിന്നും ടൊയോട്ട ഇന്നോവ ഹൈക്രോസിനെ വ്യത്യസ്തമാക്കുന്നത്.